| Thursday, 30th May 2019, 7:06 pm

ജൂലിയന്‍ അസാന്‍ജെ വീഡിയോ കോണ്‍ഫറന്ഡസിന് പോലും കഴിയാത്തത്ര രോഗബാധിതന്‍; വിചാരണയ്ക്ക് ഹാജരാകാനാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയാത്ത വിധം രോഗബാധിതനെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ തടവില്‍ കഴിയുന്ന അസാന്‍ജെ വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വിചാരണയ്ക്ക് ഹാജരാകാനാവാത്ത വിധം ആരോഗ്യപ്രേശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് അറിയിച്ചത്.

അസാന്‍ജെയെ ജയിലിലെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണെന്ന് വിക്കിലീക്‌സും വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഏറെ ആശങ്കയുണ്ടെന്നും വിക്കിലീക്‌സ് അറിയിച്ചു.

ഏഴ് ആഴ്ചത്തെ ജയില്‍ വാസം മൂലം അസാന്‍ജെയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ ശരീരഭാരം അതി ദയനീയാവസ്ഥയില്‍ കുറഞ്ഞുവരികയാണെന്നും വിക്കിലീക്‌സ് വക്താവ് വ്യക്തമാക്കി.

വളരെ സാധാരണമായ സംഭാഷണം പോലും സാധ്യമല്ലാത്തത്ര അനാരോഗാവസ്ഥയിലാണ് അസാന്‍ജെയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സാമുവല്‍സണ്‍ പറഞ്ഞു.

അസാന്‍ജെയെ അമേരിക്കയ്ക്ക് കൈമാറുവന്നത് സംബന്ധിച്ച അടുത്ത വാദം കേള്‍ക്കുന്നത് ജൂണ്‍ 12നാണ്. എന്നാല്‍ കൈമാറ്റത്തിന് സമ്മതമല്ലെന്ന് അസാന്‍ജെ കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. മെയ് ഒന്നിന് അസാന്‍ജെക്കെതിരെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി 50 ആഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ഇറാഖ്-അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍ കൈവശപ്പെടുത്തിയതിനും പ്രസിദ്ധീകരിച്ചതിനും അമേരിക്കന്‍ നീതിനിര്‍വഹണ വിഭാഗം അസാന്‍ജെയ്ക്കുമേല്‍ വീണ്ടും അധികകുറ്റം ചുമത്തിയിട്ടുണ്ട്.

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാരോപണ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജെയ്‌ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്‌സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് വിക്കിലീക്‌സും അസാന്‍ജെയെനെ പിന്തുണയ്ക്കുന്നവരും അഭിപ്രായപ്പെടുന്നത്.

കോടതി വിധി വന്നതിന് പിന്നാലെ ‘ജൂലിയന്‍ അസാന്‍ജെയെ സ്വതന്ത്രനാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി നിരവധിപ്പേരാണ് കോടതിവളപ്പില്‍ പ്രതിഷേധവുമായെത്തിയത്.

യു.എസിന്റെ 500,000ത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തു വിട്ടതിനെത്തുടര്‍ന്നാണ് 2012ല്‍ സ്വീഡനില്‍നിന്ന് അസാന്‍ജെ ഇക്വഡേര്‍ എംബസിയില്‍ അഭയം തേടിയത്. ഏഴ് വര്‍ഷമായി ഇവിടെ കഴിഞ്ഞിരുന്ന അസാഞ്ചെയ്ക്ക് നല്‍കിയിരുന്ന പിന്തുണ ഈയടുത്താണ് ഇക്വഡോര്‍ പിന്‍വലിച്ചത്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തിയ അസാഞ്ചിനെ സ്വീഡന്‍ അറസ്റ്റ് ചെയ്താല്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more