മെല്‍ബണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ വരുന്ന ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വിക്കിലീക്‌സിലൂടെയാണ് അസാഞ്ചെയുടെ രാഷ്ട്രീയ പ്രവേശനം ലോകത്തെ അറിയിച്ചിരിക്കുന്നത്. അസാഞ്ചെയുടെ മാതാവും വാര്‍ത്ത സ്ഥിരീകരിച്ചു.
അടുത്ത സെപ്റ്റംബര്‍ 14 നാണ് ഓസ്‌ട്രേലിയയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. []
ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് അസാഞ്ചെ ഇപ്പോഴുള്ളത്. തന്റെ മകന്റെ തീരുമാനം ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹത്തിന്റെ മാതാവ് പറഞ്ഞു.
സഹപ്രവര്‍ത്തകരായ സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ അസാഞ്ചെയെ ലണ്ടന്‍ സര്‍ക്കാര്‍ സ്വീഡനിലേക്ക് നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ അമേരിക്കയ്ക്ക് വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അസാഞ്ചെയുടെ ആരോപണം.
സ്വീഡനിലേക്ക് തന്നെ നാടുകടത്തിയാല്‍ അവിടെനിന്ന് അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ച അസാഞ്ചെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചു.
അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങള്‍ പുറത്ത് വിട്ട് ലോകശ്രദ്ധയാകര്‍ഷിച്ചതോടെയാണ് അസാഞ്ചെയും വിക്കിലീക്‌സും അമേരിക്കയുടെ കണ്ണിലെ കരടാകുന്നത്. തുടര്‍ന്ന് അസാഞ്ചെയെ നിരന്തരമായി വേട്ടയാടുകായിരുന്നു അമേരിക്ക.
തനിക്കെതിരെയുള്ള ആരോപണം അമേരിക്കയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അസാഞ്ചെ ആരോപിച്ചിരുന്നു.