ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെക്കെതരെ ചുമത്തിയ ലൈംഗികാക്രമണ കേസിലുള്ള അന്വേഷണം സ്വീഡന്‍ ഉപേക്ഷിച്ചു.
അസാഞ്ചെക്കെതിരെയുള്ള പ്രാഥമിക അന്വേഷണം നിര്‍ത്തലാക്കാനുള്ള തീരുമാനം ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഇവാ മേരി പെര്‍സണ്‍ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.
ആരോപണം നിഷേധിക്കുന്ന അസാഞ്ചെയെ തടങ്കലില്‍ വെക്കരുതെന്ന് ജൂണില്‍ സ്വീഡിഷ്‌കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അസാഞ്ചയ്‌ക്കെതിരെയുള്ള അന്വേഷണം പിന്‍വലിച്ചിരിക്കുന്നത്.
ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്ന അസാഞ്ചെയെ
ഏപ്രില്‍ 11ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
യു.എസിനു തന്നെ കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ അസാഞ്ചെ എംബസിയിലാണു കഴിഞ്ഞിരുന്നത്. എംബസിയില്‍ വെച്ചാണ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അസാഞ്ചെയെ അറസ്റ്റ് ചെയ്തത്.
അസാഞ്ചെയുടെ രാഷ്ട്രീയാഭയം പിന്‍വലിച്ചുകൊണ്ടുള്ള ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് എംബസി അംബാസഡറാണ് അസാഞ്ചെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസിനെ വിളിച്ചുവരുത്തിയത്.
അസാഞ്ചെയ്ക്കെതിരേ സ്വീഡനില്‍ നടക്കുന്ന ലൈംഗികാരോപണക്കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്നാണ് അസാഞ്ചെ സ്വീഡനില്‍നിന്ന് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടിയിരുന്നത്.
അസാഞ്ചിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണു യുവതി ലൈംഗികാരോപണമുന്നയിച്ചത്. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടന്ന വിക്കിലീക്സ് സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ് അസാഞ്ചെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം അസാഞ്ചെ നിഷേധിച്ചിരുന്നു.
2012-ലാണ് അസാഞ്ചെയുടെ പേരില്‍ സ്വീഡന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2012 ജൂണ്‍ 29-നു കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.
2016 നവംബറില്‍ സ്വീഡിഷ് കുറ്റാന്വേഷകര്‍ ഇക്വഡോര്‍ എംബസിയിലെത്തി അസാഞ്ചിനെ ചോദ്യംചെയ്തെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല.
തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസാഞ്ചെ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വീഡിഷ്, ബ്രിട്ടീഷ് അധികാരികളോടു സ്വാതന്ത്ര്യം തിരിച്ചുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
അസാഞ്ചെയെ സ്വതന്ത്രനാക്കണമെന്നു കഴിഞ്ഞവര്‍ഷം യു.എന്‍ നിയമകാര്യസമിതി ഉത്തരവിട്ടിരുന്നു. ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് അസാഞ്ചെയ്ക്കെതിരായ ആരോപണങ്ങളില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താതിരുന്നതിനെത്തുടര്‍ന്നായിരുന്നു അത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ യു.എന്നിന്റെ വര്‍ക്കിങ് ഗ്രൂപ്പ് അസാഞ്ചെയെ ബ്രിട്ടനും സ്വീഡനും അനിയന്ത്രിതമായി തടവില്‍ വെയ്ക്കുകയാണെന്നു കണ്ടെത്തിയിരുന്നു.