| Tuesday, 22nd September 2020, 9:04 pm

ജയിലിനുള്ളില്‍ അദ്യശ്യ ശബ്ദങ്ങള്‍ കേള്‍ക്കുന്നു, ജൂലിയന്‍ അസാന്‍ജ് കടുത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്നെന്ന് സൈക്യാട്രിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടീഷ് ജയിലില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കോടതിയില്‍ വാദം.
അസാന്‍ജിന് ആത്മഹത്യ പ്രവണത കൂടുന്നുണ്ടെന്നും ഇദ്ദേഹവുമായി സംസാരിച്ച സൈക്യാട്രിസ്റ്റ് പറഞ്ഞു. ജൂലിയന്‍ അസാന്‍ജിനെ അമേരിക്കക്ക് കൈമാറുന്നതിന്റെ വാദം നടക്കുന്ന ബ്രിട്ടീഷ് കോടതിയിലാണ് സൈക്യാട്രിസ്റ്റിന്റെ പരാമര്‍ശം.

ഇദ്ദേഹത്തെ 20 തവണ ഇന്റര്‍വ്യൂ ചെയ്ത സൈക്യാട്രിസ്റ്റായ മൈക്കല്‍ കോപെല്‍മാനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. ജൂലിയന്‍ അസാന്‍ജിനെ അമേരിക്കയിലേക്ക് മാറ്റുന്നത് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കും എന്നാണ് സൈക്യാട്രിസ്റ്റ് പറയുന്നത്.

ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ ഏകാന്ത തടവില്‍ കഴയുന്ന അസാന്‍ജ് കടുത്ത വിഷാദത്തിലാണെന്നും സൈക്കോട്ടിക് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഇടയ്ക്കിടെ അദൃശ്യ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പറയുന്ന അസാന്‍ജ് നിങ്ങള്‍ മരിച്ചു നിങ്ങളെ പിടിക്കാനായി ഞങ്ങള്‍ എത്തുന്നു എന്നീ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നു പറയുന്നു.

അമേരിക്കയിലേക്ക് കൈമാറാനുള്ള നീക്കം അസാന്‍ജിന്റെ ആത്മഹത്യാ പ്രേരണകള്‍ വര്‍ധിപ്പിക്കുന്നെന്നും അമേരിക്കയിലേക്ക് കൈമാറിയാല്‍ അസാന്‍ജേയുടെ സ്ഥിതി ഗുരുതരമാവുമെന്നും കോടതിയില്‍ ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 16 മാസമായി ബ്രിട്ടീഷ് ജയിലില്‍ കഴിയുകയാണ് ജൂലിയന്‍ അസാന്‍ജ്. അഫ്ഗാനിസ്തനിലെയും ഇറാഖിലെയും യു.എസ് സൈനിക പ്രചാരണത്തിന്റെ വിവരങ്ങളുള്ള 50000 രഹസ്യ ഫയലുകള്‍ വിക്കി ലീക്ക്‌സ് 2010 ല്‍ പുറത്തിറക്കിയെന്ന് ആരോപിച്ച് യു.എസ് ചാരവൃത്തി നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് അസാന്‍ജെക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 175 വര്‍ഷമാണ് ഇദ്ദേഹം ജയിലില്‍ കഴിയേണ്ടി വരിക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more