പാരിസ്: വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ മാധ്യമ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുന്നവയെന്ന് ഭാര്യ സ്റ്റെല്ല മോറിസ് അസാഞ്ചെ. ജര്‍മന്‍ മാധ്യമമായ ഡ്യൂട്ഷെ വെല്ലെയോട് പ്രതികരിക്കുകയായിരുന്നു മനുഷ്യാവകാശ അഭിഭാഷക കൂടിയായ സ്റ്റെല്ല.
ജൂലിയന്‍ അസാഞ്ചെയെ കൈമാറ്റം ചെയ്ത് കിട്ടുന്നതിനായി നടക്കുന്ന കേസുകള്‍ ലോകമെമ്പാടും പത്ര സ്വാതന്ത്ര്യത്തിന് അപകടകരമായ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് സ്റ്റെല്ല പ്രതികരിച്ചത്.
ബ്രിട്ടനില്‍ നിന്നും അസാഞ്ചെയെ കൈമാറ്റം ചെയ്ത് കിട്ടുന്നതിനായുള്ള യു.എസിന്റെ ശ്രമങ്ങളെ ഉദ്ധരിച്ചായിരുന്നു സ്റ്റെല്ലയുടെ പ്രതികരണം.
”ആഗോളതലത്തില്‍ തന്നെ പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഏറ്റവും അപകടകരമായ ആക്രമണമാണിത്. യു.എസിന് പുറത്ത് ജോലി ചെയ്യുന്ന, യു.എസിന്റെ യുദ്ധ കുറ്റകൃത്യങ്ങള്‍ പുറത്തുവിട്ട ഒരു വിദേശ പത്രപ്രവര്‍ത്തകനെ പിന്തുടരുന്നത് അമേരിക്കയാണ്,” ദക്ഷിണാഫ്രിക്കന്‍ പൗരയായ സ്റ്റെല്ല പറഞ്ഞു.
ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെയെ 2019ല്‍ ഇക്വഡോറില്‍ വെച്ച് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ ഉള്ളത്.
അസാഞ്ചെയെ യു.എസിന് കൈമാറാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരെ അസാഞ്ചെ നിയമപോരാട്ടം നടത്തുന്നുണ്ട്. തന്നെ യു.എസിന് കൈമാറുന്നതിനെതിരെ ബിട്ടീഷ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്ചെയുടെ അപേക്ഷ ബ്രിട്ടീഷ് കീഴ്ക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇദ്ദേഹത്തെ ബ്രിട്ടനില്‍ നിന്നും കൈമാറ്റം ചെയ്തുകിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടന്‍ അതിന് അനുമതി നല്‍കിയിട്ടുമുണ്ട്.
ചാരപ്രവര്‍ത്തിക്കേസിലെ വിചാരണക്ക് വേണ്ടിയാണ് അസാഞ്ചെയെ അമേരിക്കക്ക് കൈമാറാന്‍ ബ്രിട്ടന്‍ അനുവദിച്ചത്. ഈ കേസില്‍ അസാഞ്ചെക്ക് യു.എസില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നേക്കാം.
2006ല്‍ ഐസ്‌ലന്‍ഡില്‍ സ്ഥാപിക്കപ്പെട്ട വികിലീക്‌സ് വെബ്‌സൈറ്റ്, സൗദി അറേബ്യ, അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങള്‍ പൂഴ്ത്തിവെച്ചിരുന്ന സുരക്ഷാ- രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ, സൈനിക ഓപ്പറേഷനുകളെക്കുറിച്ചും അതില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമാണ് 2010, 2011 വര്‍ഷങ്ങളിലായി വികിലീക്‌സ് പുറത്തുവിട്ടത്. ഇതിന്റെ പേരില്‍ അമേരിക്ക അസാഞ്ചെക്കെതിരെ കേസെടുക്കുകയായിരുന്നു.
യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി, എന്നാണ് അസാഞ്ചെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്.
നേരത്തെ വികിലീക്‌സിനെതിരെ കേസുകള്‍ വന്നതോടെ സ്ഥാപകനായ അസാഞ്ചെ 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlight: Julian Assange’s wife Stella Morris says WikiLeaks founder’s case endangers press freedom in the world