വാഷിങ്ടണ്‍: ജൂലിയന്‍ അസാഞ്ചെയുമായി അടുപ്പമുള്ള അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ യു.എസ് ഏജന്‍സിയായ സി.ഐ.എക്കെതിരെ കേസ്.
വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ചെയുമായി അടുപ്പമുണ്ടായതിന്റെ പേരില്‍ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സി.ഐ.എക്കെതിരെ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) അസാഞ്ചെയുടെ അഭിഭാഷകരും അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും കേസ് ഫയല്‍ ചെയ്തു.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ താമസിച്ച സമയത്ത് അസാഞ്ചെയെ സന്ദര്‍ശിച്ചപ്പോള്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സി.ഐ.എക്കും മുന്‍ ഡയറക്ടര്‍ മൈക്ക് പോംപിയോക്കുമെതിരെ കേസ് കൊടുത്തത്.
തിങ്കളാഴ്ച, ന്യൂയോര്‍ക്ക് ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെയുമായി നടത്തുന്ന രഹസ്യ ചര്‍ച്ചകള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്ന യു.എസിന്റെ നിയമത്തെ സി.ഐ.എയും മൈക്ക് പോംപിയോയും ലംഘിച്ചുവെന്നാണ് കേസില്‍ ആരോപിക്കുന്നത്.
യു.എസ് നിയമം ലംഘിച്ചുകൊണ്ട് സി.ഐ.എ തങ്ങളുടെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തുവെന്നും ഫോണുകളില്‍ നിന്നും കമ്പ്യൂട്ടറുകളില്‍ നിന്നും ഡാറ്റ കോപ്പി ചെയ്തുവെന്നും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും പരാതിയില്‍ പറയുന്നു.
യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ് മൈക്ക് പോംപിയോ. സി.ഐ.എ ചാരപ്രവര്‍ത്തി നടത്തിയത് അന്ന് മേധാവിയായിരുന്ന പോംപിയോക്ക് അറിയാമായിരുന്നെന്നും അദ്ദേഹം അതിന് അനുമതി നല്‍കിയെന്നും കേസില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, അസാഞ്ചെയെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ 2019ല്‍ ഇക്വഡോര്‍ എംബസിയില്‍ വെച്ച് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതാണ്. നിലവില്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ ഉള്ളത്.
അസാഞ്ചെയെ യു.എസിന് കൈമാറാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരെ അസാഞ്ചെ നിയമപോരാട്ടം നടത്തുന്നുണ്ട്. തന്നെ യു.എസിന് കൈമാറുന്നതിനെതിരെ ബിട്ടീഷ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്ചെയുടെ അപേക്ഷ ബ്രിട്ടീഷ് കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇദ്ദേഹത്തെ ബ്രിട്ടനില്‍ നിന്നും കൈമാറ്റം ചെയ്തുകിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടന്‍ അതിന് അനുമതി നല്‍കിയിട്ടുമുണ്ട്.
ചാരപ്രവര്‍ത്തിക്കേസിലെ വിചാരണക്ക് വേണ്ടിയാണ് അസാഞ്ചെയെ അമേരിക്കക്ക് കൈമാറാന്‍ ബ്രിട്ടന്‍ അനുവദിച്ചത്. ഈ കേസില്‍ അസാഞ്ചെക്ക് യു.എസില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നേക്കാം.
2006ല്‍ ഐസ്ലന്‍ഡില്‍ സ്ഥാപിക്കപ്പെട്ട വികിലീക്സ് വെബ്സൈറ്റ്, സൗദി അറേബ്യ, അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങള്‍ പൂഴ്ത്തിവെച്ചിരുന്ന സുരക്ഷാ- രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ, സൈനിക ഓപ്പറേഷനുകളെക്കുറിച്ചും അതില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമാണ് 2010, 2011 വര്‍ഷങ്ങളിലായി വികിലീക്സ് പുറത്തുവിട്ടത്. ഇതിന്റെ പേരില്‍ അമേരിക്ക അസാഞ്ചെക്കെതിരെ കേസെടുക്കുകയായിരുന്നു.
യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി, എന്നാണ് അസാഞ്ചെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്.
നേരത്തെ വികിലീക്സിനെതിരെ കേസുകള്‍ വന്നതോടെ സ്ഥാപകനായ അസാഞ്ചെ 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlight: Julian Assange’s lawyers and journalists close to him sue America’s CIA over alleged spying