| Thursday, 4th February 2016, 6:46 pm

ജൂലിയാന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തെറ്റ്: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍:  വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള ബ്രിട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് യു.എന്‍ പാനല്‍. സ്വീഡനില്‍ അസാന്‍ജിനെതിരായി നിലനില്‍ക്കുന്ന ലൈംഗികപീഡന കേസില്‍ വിചാരണ നടത്തുന്നതിന് വേണ്ടി അദ്ദേഹത്തെ നാടുകടത്തുന്നതിനായി ബ്രിട്ടീഷ് സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ യു.എന്നിന് നല്‍കിയ പരാതിയിലാണ് വിധിയുണ്ടായത്.

അറസ്റ്റ് ഒഴിവാക്കുന്നതിനായി 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് അസാന്‍ജെ കഴിയുന്നത്. പുറത്തിറങ്ങിയാല്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനാണ് ബ്രിട്ടന്റെ നീക്കം. യു.എന്‍ വിധി തനിക്ക് എതിരായാല്‍ പോലീസിന് മുന്നില്‍ കീഴടങ്ങുമെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വിധി അനുകൂലമായാല്‍ തന്റെ പാസ്‌പോര്‍ട്ട് തിരിച്ചു തരണമെന്നും അറസ്റ്റ് വാറണ്ട് ഒഴിവാക്കണമെന്നും അസാന്‍ജെ പറഞ്ഞിരുന്നു.

മൂന്നര വര്‍ഷമായി ഇക്വഡോര്‍ എംബസിയുടെ മതില്‍കെട്ടിനുള്ളില്‍ മാത്രം ഒതുങ്ങി കഴിയുന്ന തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അസാന്‍ജെ യു.എന്നിനെ അറിയിച്ചിരുന്നു.

അമേരിക്കയുടെ രഹസ്യരേഖകള്‍ പുറത്തു വിട്ടതിനാലാണ് വിക്കിലീക്ക്്‌സിന്റെ സ്ഥാപകനായ അസാന്‍ജിനെ പശ്ചാത്യ ശക്തികള്‍ ഓടിച്ച് പിടിക്കാന്‍ ശ്രമിക്കുന്നത്. 2010ല്‍ ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ക്രൂരകൃത്യങ്ങളുടെ വീഡിയോ പുറത്ത് വിട്ടാണ് വിക്കിലീക്ക്‌സ് ലോക ശ്രദ്ധയാകര്‍ഷിച്ചത്.

We use cookies to give you the best possible experience. Learn more