ലണ്ടന്‍: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക് ബ്രിട്ടനിലെ ജയിലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുമതി നല്‍കി. പ്രതിശ്രുത വധു സ്റ്റെല്ല മോറിസുമായുള്ള വിവാഹത്തിനാണ് ലണ്ടനിലെ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.
നിലവില്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാന്‍ജെ ഉള്ളത്. 1983ലെ മാരേജ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കും ജയിലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയത്.
സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള അഭിഭാഷകയാണ് സ്റ്റെല്ല മോറിസ്. 2015 മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സ്റ്റെല്ല ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്.
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് 2019ലാണ് അസാന്‍ജെ ലണ്ടനില്‍ തടവിലാവുന്നത്. ഓസ്‌ട്രേലിയന്‍ പൗരനാണ് അസാന്‍ജെ.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുടെ രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്ന സ്ഥാപനമായിരുന്നു വികിലീക്‌സ്. തനിക്കെതിരെ കേസുകള്‍ വന്നതോടെ സ്ഥാപനത്തിന്റെ സ്ഥാപകനായ അസാന്‍ജെ 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്നു. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റിലാകുന്നത്.
അസാന്‍ജെയെ കൈമാറ്റം ചെയ്ത് കിട്ടാന്‍ അമേരിക്കയും ശ്രമം നടത്തുന്നുണ്ട്. വിവിധ രേഖകള്‍ പുറത്ത് വിട്ടതിന്റെ പേരില്‍ അസാന്‍ജെയ്‌ക്കെതിരെ അമേരിക്കയിലും കേസുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളുടെ രേഖകളായിരുന്നു വികിലീക്‌സ് പുറത്തുവിട്ടത്.
നേരത്തെ അസാന്‍ജെയും സ്‌റ്റെല്ലയും തങ്ങളുടെ വിവാഹം ജയില്‍ അധികൃതര്‍ തടയുന്നെന്ന് കാണിച്ച് കേസ് ഫയല്‍ ചെയ്തിരുന്നു. യു.കെ ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ്, ബെല്‍മാര്‍ഷ് ജയില്‍ മേധാവി എന്നിവര്‍ക്കെതിരെയായിരുന്നു കേസ് കൊടുത്തത്.
നിലവില്‍ ഇരുവരുടേയും വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.