| Friday, 12th January 2018, 12:14 am

ജൂലിയന്‍ അസാന്‍ജിന് ഇക്വഡോര്‍ പൗരത്വം നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വിറ്റോ: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ പൗരത്വം നല്‍കി. അഞ്ച് വര്‍ഷത്തിലധികമായി ലണ്ടനിലെ ഇകഡ്വോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു അസാന്‍ജെ.

അസാന്‍ജെയ്ക്ക് പൗരത്വം നല്‍കുന്നതായി ഇക്വഡോര്‍ വിദേശകാര്യ മന്ത്രി മരിയ ഫെര്‍ണാണ്ടോ എസ്പിനോസയാണ് അറിയിച്ചത്.

സെപ്റ്റംബര്‍ 16നാണ് പൗരത്വത്തിനായി അസാന്‍ജെ അപേക്ഷ നല്‍കിയതെന്നും ഡിസംബര്‍ 12 മുതല്‍ അസാന്‍ജെ ഇക്വഡോര്‍ പൗരനായെന്നും മരിയ ഫെര്‍ണാണ്ടോ എസ്പിനോസ പറഞ്ഞു. അതേ സമയം അസാന്‍ജെയ്ക്ക് നയതന്ത്ര പരിരക്ഷ നല്‍കാനാവില്ലെന്ന് വ്യാഴാഴ്ച ബ്രിട്ടന്‍ പറഞ്ഞിരുന്നു.

നയതന്ത്ര പരിരക്ഷ ലഭിക്കുകയാണെങ്കില്‍ എംബസിക്ക് പുറത്തിറങ്ങിയാല്‍ അസാന്‍ജെയെ ബ്രിട്ടന് അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

ബുധനാഴ്ച ഇക്വഡോര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ് അസാന്‍ജെ പുറത്തുവന്നിരുന്നു. ഇത് അദ്ദേഹത്തിന് പൗരത്വം നല്‍കുന്നതിന്റെ സൂചനയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് 2012ല്‍ അസാന്‍ജെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്നത്. സ്വീഡന്‍ കേസുകള്‍ പിന്‍വലിച്ചിരുന്നെങ്കിലും ജാമ്യം തെറ്റിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടന്‍ പറഞ്ഞിരുന്നു. അസാന്‍ജെയെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്താല്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് സൂചനയുണ്ടായിരുന്നു.

വിക്കിലീക്ക്‌സ് വഴി വിവരങ്ങള്‍ പുറത്തുവിട്ട അസാന്‍ജെ രാജ്യത്തിന്റെ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയെന്നാണ് അമേരിക്ക വാദിക്കുന്നത്.

കടുത്ത ഹൃദ്രോഗം ഉള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന അസാന്‍ജെയ്ക്ക് അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ ചികിത്സയ്ക്കടക്കം ബുദ്ധിമുട്ടുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more