| Tuesday, 15th March 2022, 9:04 am

ജൂലിയന്‍ അസാഞ്ചെയെ യു.എസിന് കൈമാറാന്‍ ബ്രിട്ടന്‍; അപ്പീലിനുള്ള അസാഞ്ചെയുടെ അപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തന്നെ യു.എസിന് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെക്ക് അനുമതി നിഷേധിച്ചു. ചാരപ്രവര്‍ത്തിക്കേസിലെ വിചാരണക്ക് വേണ്ടിയാണ് അസാഞ്ചെയെ അമേരിക്കക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി അനുവദിച്ചത്.

എന്നാല്‍ യു.എസിന് കൈമാറുന്നതിനെതിരെ ബിട്ടീഷ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്ചെയുടെ അപേക്ഷ കോടതി തിങ്കളാഴ്ച തള്ളുകയായിരുന്നു.

അസാഞ്ചെ നല്‍കിയ കേസ് ‘നിയമപരമായ യാതൊരു വാദമുഖവും ഉന്നയിക്കുന്നില്ല,’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ വിവിധ സൈനിക നീക്കങ്ങളുടെ രേഖകള്‍ 2010, 2011 വര്‍ഷങ്ങളിലായി വികിലീക്സ് പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരില്‍ നിലവില്‍ അമേരിക്കയില്‍ അസാഞ്ചെക്കെതിരെ കേസുണ്ട്.

അഫ്ഗാനിലും ഇറാഖിലും യു.എസ് സേന നടത്തിയ, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ സൈനിക ഓപ്പറേഷനുകളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളായിരുന്നു വികിലീക്‌സ് പുറത്തുവിട്ടത്.

യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി, എന്നാണ് അസാഞ്ചെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്.

അസാഞ്ചെയെ ബ്രിട്ടനില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാകാനുള്ള ശ്രമങ്ങളാണ് നിലവില്‍ അസാഞ്ചെ നടത്തിക്കൊണ്ടിരിക്കുന്നത്.

അസാഞ്ചെയെ യു.എസിന് കൈമാറാനുള്ള അന്തിമ തീരുമാനമെടുക്കുന്നത് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആയിരിക്കും.

നേരത്തെ അസാഞ്ചെയെ കൈമാറ്റം ചെയ്ത് കിട്ടാനുള്ള യു.എസിന്റെ അപേക്ഷ ബ്രിട്ടനിലെ ഒരു ജില്ലാ കോടതി ജഡ്ജി തള്ളിയിരുന്നു. യു.എസിന്റെ കഠിനമായ ജയില്‍ സാഹചര്യങ്ങളില്‍ കഴിഞ്ഞാല്‍ അസാഞ്ചെ ആത്മഹത്യക്ക് ശ്രമിക്കാന്‍ സാധ്യതയുണ്ട്, എന്ന് കാണിച്ചായിരുന്നു അന്ന് യു.എസിന്റെ അപേക്ഷ ജഡ്ജി തള്ളിയത്.

എന്നാല്‍ കഠിനമായ ഒരു പെരുമാറ്റവും ഉണ്ടാകില്ലെന്ന യു.എസ് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് അസാഞ്ചെയെ കൈമാറാന്‍ പിന്നീട് ബ്രിട്ടീഷ് കോടതി അനുമതി നല്‍കുകയായിരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ 2019ല്‍ ഇക്വഡോറില്‍ വെച്ചാണ് ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ചെയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ ഉള്ളത്.

2006ല്‍ ഐസ്‌ലന്‍ഡിലാണ് വികിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുടെ രഹസ്യരേഖകള്‍ വികിലീക്സ് പുറത്തുവിട്ടിരുന്നു.

എന്നാല്‍ തനിക്കെതിരെ കേസുകള്‍ വന്നതോടെ സ്ഥാപകനായ അസാഞ്ചെ 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റിലാകുന്നത്.

സ്വീഡനില്‍ അസാഞ്ചെയ്ക്കെതിരെ ലൈംഗികാരോപണ കേസുമുണ്ടായിരുന്നു. ഇതിന്മേലുള്ള അറസ്റ്റ് തടയുന്നതിനായിരുന്നു അസാഞ്ചെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്നത്.


Content Highlight: Julian Assange denied permission to appeal against his extradition from Britain to America

We use cookies to give you the best possible experience. Learn more