വിക്കിലീക്‌സിന്റെ സെനറ്റ് സ്ഥാനാര്‍ഥിയായി മലയാളി; പുതിയ പാര്‍ട്ടിയുമായി അസാന്‍ജെ
World
വിക്കിലീക്‌സിന്റെ സെനറ്റ് സ്ഥാനാര്‍ഥിയായി മലയാളി; പുതിയ പാര്‍ട്ടിയുമായി അസാന്‍ജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2013, 12:30 am

[]സിഡ്‌നി: വിക്കിലീക്‌സ് സ്ഥാപകന്‍ ##ജൂലിയന്‍ അസാന്‍ജ് രാഷ്ട്രീയപാര്‍ടി രൂപീകരിച്ചു. ഈവര്‍ഷം ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് “വിക്കിലീക്‌സ് പാര്‍ട്ടി” രൂപീകരിച്ചത്. []

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെ സ്‌കൈപ് സംവിധാന മുപയോഗിച്ചാണ് പാര്‍ട്ടി തുടക്കമിടുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അസാന്‍ജെ തുടക്കമിടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ വംശജരാണ് ഉള്ളത്.

മലയാളിയായ സുരേഷ് രാജന്‍, മലേഷ്യയില്‍ ജനിച്ച ബംഗാളി വേരുകളുള്ള ബിനോയ് കംപാര്‍ക്ക് എന്നിവരാണ് വിക്കിലീക്‌സ് സ്ഥാനാര്‍ഥികളായി ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക് മത്സരിക്കുക.

സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമാണ് സുരേഷ് രാജന്‍. എത്‌നിക് കമ്മ്യൂണിറ്റീസ് കൗണ്‍സില്‍ മുന്‍ തലവനായ സുരേഷ് രാജന്‍, നാഷനല്‍ എത്‌നിക് ഡിസെബിലിറ്റി അലൈന്‍സിന്റെ പ്രസിഡന്റും മാധ്യമങ്ങളില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളുമാണ്. ആര്‍ എം ഐ ടി സര്‍വകലാശാലയിലെ അധ്യാപകനാണ് ബിനോയ്.

അസാന്‍ജ് ഉള്‍പ്പെടെ വിക്കിലീക്‌സിന്റെ ഏഴു സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജ് വിക്ടോറിയയില്‍നിന്നാണ് മത്സരിക്കാനൊരുങ്ങുന്നത്.

മൂന്ന് പേര്‍ വനിതകളാണ്. ഇന്നലെയാണ് വിക്കിലീക്‌സിന്റെ സെനറ്റ് സ്ഥാനാര്‍ഥികളെ ജൂലിയന്‍ അസാന്‍ജെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ മാസം അവസാനത്തോടെ ആസ്‌ത്രേലിയന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യും.

ന്യൂ സൗത്ത് വെയ്ല്‍സ്, പടിഞ്ഞാറന്‍ ആസ്‌ത്രേലിയ എന്നിവിടങ്ങളിലാണ് വിക്കിലീക്‌സിന്റെ മറ്റ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. ഔദ്യോഗിക പ്രചാരണം ആരംഭിച്ചതായി വിക്കിലീക്‌സ് വക്താവ് അറിയിച്ചു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ആദ്യപടിയായി പാപ്വന്യൂഗിനിയില്‍ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയ ചികിത്സാലയങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് അസാന്‍ജെ മാധ്യമങ്ങളെ അറിയിച്ചു.

പാപ്വന്യൂഗിനിയന്‍ കുടിയേറ്റക്കാര്‍ക്ക് അഭയം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹം അധികൃതരെ അറിയിക്കും.

പാപ്വന്യൂഗിനിയില്‍നിന്ന് അനധികൃതമായി ആസ്‌ട്രേലിയയിലേക്ക് ബോട്ടുമാര്‍ഗം എത്തിക്കൊണ്ടിരിക്കുന്നവരെ എത്രയും പെട്ടെന്നുതന്നെ സ്വദേശത്തേക്ക് മടക്കിയയക്കാന്‍ ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.