| Monday, 29th May 2023, 12:20 pm

അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? വിഷയത്തില്‍ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്യുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള കൂടുതല്‍ പ്രതീക്ഷ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ്. വരുന്ന സീസണില്‍ അല്‍വാരസ് മാഞ്ചസ്റ്റര്‍ വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ ട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരണമറിയിച്ചിരിക്കുകയാണ് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സപര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ.

മാഞ്ചസ്റ്റര്‍ സിറ്റി അല്‍വാരസിനെ വിട്ട് നല്‍കില്ലെന്നാണ് റൊമാനോയുടെ ട്വീറ്റ്. അല്‍വാരസിനെ വില്‍ക്കാനോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് വിട്ടയക്കാനോ തത്കാലത്തേക്ക് ഗ്വാര്‍ഡിയോളക്കും സംഘത്തിനും പദ്ധതിയില്ലെന്നും താരത്തെ മുന്‍ നിര്‍ത്തി വരുന്ന സീസണിലേക്ക് പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് പെപ് എന്നും റൊമാനോയുടെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അല്‍വാരസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. സിറ്റിയിലെത്തിയതിന് ശേഷം കുറഞ്ഞ അവസരങ്ങള്‍ മാത്രമെ താരത്തിന് ലഭിച്ചിട്ടുള്ളൂവെങ്കിലും കിട്ടിയ ചാന്‍സുകള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ അര്‍ജന്റൈന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹാലണ്ടിന്റെ അഭാവത്തില്‍ കളത്തിലിറങ്ങാറുള്ള അല്‍വാരസിന് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ സ്‌കോര്‍ ചെയ്യാനും സാധിച്ചിരുന്നു.

തുടക്കത്തില്‍ ഹാലണ്ടിനെയും അല്‍വാരസിനെയും ഒരേസമയം ഉപയോഗപ്പെടുത്താന്‍ പെപ് പാടുപ്പെട്ടിരുന്നെങ്കിലും ക്രമേണ പെപ്പിന്റെ പ്രിയ ശിഷ്യനായ ലയണല്‍ മെസിയുടെ പിന്‍ഗാമിക്ക് സിറ്റിയുടെ പ്രധാന മുഖമായി മാറാന്‍ സാധിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ഒരേയൊരു താരം അല്‍വാരസാണ്.

ഖത്തര്‍ ലോകപ്പില്‍ അര്‍ജന്റീനക്കായി മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിക്കാനും താരത്തിനായിട്ടുണ്ട്. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മധ്യനിരയിലും ഡിഫന്‍ഡിങ്ങിലും സഹായിക്കാന്‍ പലപ്പോഴും അല്‍വാരസിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ലൗട്ടാരോ മങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അര്‍ജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയന്‍ അല്‍വാരസായിരുന്നു. അര്‍ജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ കഴിയുന്ന താരമാണ് അല്‍വാരസ്. ഈ സീസണില്‍ 18 ഗോളും നാല് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

Content Highlights: Julian Alvarez won’t leave Manchester city until his contract ends

We use cookies to give you the best possible experience. Learn more