2026 ലോകകപ്പിൽ മെസി കളിക്കുമോ? പ്രതികരണവുമായി ജൂലിയൻ അൽവാരസ്
Football
2026 ലോകകപ്പിൽ മെസി കളിക്കുമോ? പ്രതികരണവുമായി ജൂലിയൻ അൽവാരസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 11:24 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോവുന്ന ലോകകപ്പില്‍ മെസി കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ്. 2026 ലോകകപ്പില്‍ മെസി കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് അല്‍വാരസ് പറഞ്ഞത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജന്റൈന്‍ താരം.

‘അത് മെസിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് ശാരീരികക്ഷമതയും കളിക്കാനുള്ള മനസും ഉണ്ടെങ്കില്‍ അദ്ദേഹത്തിന് അര്‍ജന്റീനയെ സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവിടെ മെസി ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ എല്ലാം തികഞ്ഞവരായിരിക്കും,’ ജൂലിയന്‍ അല്‍വാരസ് പറഞ്ഞു.

അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. .

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

ഇതിനു പിന്നാലെ സെപ്റ്റംബറില്‍ നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചിരുന്നില്ല. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്ജന്റീന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ കൊളംബിയക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.

നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഒക്ടോബര്‍ 11ന് വെനസ്വെലക്കെതിരെയാണ് ലോകചാമ്പ്യന്മാരുടെ അടുത്ത മത്സരം.

 

Content Highlight: Julian Alvarez Talks About Lionel Messi