| Sunday, 16th July 2023, 9:45 pm

'പുതിയ ക്ലബ്ബിലെ ഇഷ്ടതാരം'; മനസ് തുറന്ന് ജൂലിയന്‍ അല്‍വാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള കൂടുതല്‍ പ്രതീക്ഷ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ്. ക്ലബ്ബിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സിറ്റിയിലെ തന്റെ ഇഷ്ടതാരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ താരം.

മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ ഇഷ്ടതാരം സെര്‍ജിയോ ഗോമെസ് ആണെന്നാണ് അല്‍വാരസ് പറഞ്ഞത്. സിറ്റിയില്‍ എത്തിയതിന് ശേഷം ഗോമെസുമായി മികച്ച സൗഹൃദമുണ്ടാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി മീഡിയക്ക് നല്‍കിയ ഒരു ഔദ്യോഗിക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അല്‍വാരസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. സിറ്റിയിലെത്തിയതിന് ശേഷം കുറഞ്ഞ അവസരങ്ങള്‍ മാത്രമെ താരത്തിന് ലഭിച്ചിട്ടുള്ളൂവെങ്കിലും കിട്ടിയ ചാന്‍സുകള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ അര്‍ജന്റൈന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹാലണ്ടിന്റെ അഭാവത്തില്‍ കളത്തിലിറങ്ങാറുള്ള അല്‍വാരസിന് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ സ്‌കോര്‍ ചെയ്യാനും സാധിച്ചിരുന്നു.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ കന്നി കിരീടം മാഞ്ചസ്റ്റര്‍ സിറ്റി തട്ടകത്തിലെത്തിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെയും സംഘത്തിന്റെയും ജയം. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ടൈറ്റിലും എഫ്.എ കപ്പും പേരിലാക്കിയ മാന്‍ സിറ്റി ഇതോടെ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്തിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡ് നേട്ടത്തോടൊപ്പം 23ാം വയസില്‍ തന്റെ ഫുട്ബോള്‍ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ്. 2022ല്‍ ലോകകപ്പ് ചാമ്പ്യനായ അല്‍വാരസ് രാജ്യത്തിനായി കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടം നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇവക്ക് പുറമെ അര്‍ജന്റൈന്‍ പ്രൈമേര, കോപ്പ ലിബര്‍ട്ടാഡോറസ്, കോപ്പ അര്‍ജന്റീന, സൂപ്പര്‍കോപ്പ അര്‍ജന്റീന, ട്രോഫി ഡി കാമ്പന്യോസ്, റീകോപ്പ സുഡാമെറിക്കാന എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. താരം നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉയര്‍ത്താനും താരത്തിന് സാധിച്ചു.

ഖത്തര്‍ ലോകപ്പില്‍ അര്‍ജന്റീനക്കായി മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിക്കാനും താരത്തിനായിട്ടുണ്ട്. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

Content Highlights: Julian Alvarez about Segio Gomez

We use cookies to give you the best possible experience. Learn more