ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടി ജൂലിയ റോബര്‍ട്ട്‌സിന് ഫ്രാന്‍സിന്റെ ദേശീയ ചലച്ചിത്ര ബഹുമതിയായ സീസര്‍ പുരസ്‌കാരം. ഓണററി സീസര്‍ പുരസ്‌ക്കാരമാണ് ജൂലിയയ്ക്ക് ലഭിച്ചത്. 2025 ഫെബ്രുവരിയില്‍ പാരീസില്‍ നടക്കുന്ന 50ാം സീസര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ ഇത് സമ്മാനിക്കും.
റണ്‍അവേ ബ്രൈഡ്, പ്രെറ്റി വുമണ്‍, നോട്ടിംഗ് ഹില്‍, എറിന്‍ ബ്രോക്കോവിച്ച് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ജൂലിയക്ക് 2025 ഫെബ്രുവരി 28 ന് ഫ്രഞ്ച് തലസ്ഥാനത്തെ ഒളിമ്പിയ ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഓണററി സീസര്‍ ലഭിക്കുമെന്ന് സീസര്‍ അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
ഒരു സാംസ്‌കാരിക ഐക്കണ്‍ എന്ന നിലയില്‍ ജൂലിയയുടെ സ്വാധീനം ചലച്ചിത്രമേഖലയ്ക്കും അപ്പുറമാണെന്ന് സീസര്‍ പുരസ്‌ക്കാരദാതാക്കളായ ഫ്രഞ്ച് ചലച്ചിത്ര അക്കാദമി പറഞ്ഞു. യൂണിസെഫ് അംബാസഡര്‍ എന്ന നിലയിലും അല്ലാതെയും ജൂലിയ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അക്കാദമി എടുത്തുപറഞ്ഞു.
‘ഓഫ്സ്‌ക്രീന്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവള്‍ സ്വയം സമര്‍പ്പിച്ചിട്ടുണ്ട്, യുണിസെഫിന്റെ അംബാസഡറായി പ്രവര്‍ത്തിക്കുകയും ലോകമെമ്പാടുമുള്ള നിരവധി മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പരിസ്ഥിതി അഭിഭാഷകയായ അവര്‍ ഭൂമിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായും നിരന്തരമായി ശബ്ദമുയര്‍ത്തുന്നുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.
അഭിനേതാക്കളായ ജോര്‍ജ്ജ് ക്ലൂണി, പെനലോപ്പ് ക്രൂസ്, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ്, കേറ്റ് ബ്ലാഞ്ചെറ്റ്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ തുടങ്ങിയവര്‍ക്ക് ഇതിന് മുമ്പ് സീസര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1988ല്‍ മിസ്റ്റിക് പിസ്സ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജൂലിയയ്ക്ക് 2001ല്‍ എറിന്‍ ബ്രോക്കോവിച്ച് എന്ന സിനിമയിലെ അഭിനയത്തിന് ഓസ്‌കര്‍ ലഭിച്ചു. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്.
Content Highlight: Julia Roberts to be honoured at 50th Cesar Awards