'ഇതല്ല, ഇതിനപ്പുറം പയറ്റിയ സിംഹത്തിന്റെ മടയിലാ സാറേ പരിശീലിച്ചത്'; ചെൽസി ഗോളിക്ക് അൽവാരസിന്റെ തകർപ്പൻ മറുപടി
Football
'ഇതല്ല, ഇതിനപ്പുറം പയറ്റിയ സിംഹത്തിന്റെ മടയിലാ സാറേ പരിശീലിച്ചത്'; ചെൽസി ഗോളിക്ക് അൽവാരസിന്റെ തകർപ്പൻ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th January 2023, 3:43 pm

കഴിഞ്ഞ ദിവസം ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന എഫ്.എ കപ്പ് മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിൽ ചെൽസി ​ഗോൾ കീപ്പർ കെപ്പയുടെ പ്രകടനം ജനശ്രദ്ധ നേടുകയായിരുന്നു. അർജന്റൈൻ സൂപ്പർ ​ഗോളി എമിലിയാനോ മാർട്ടിനെസിനെ അനുകരിക്കാൻ കെപ്പ ശ്രമം നടത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മത്സരത്തിൽ പെനാൽട്ടി ഏരിയയിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചിരുന്നു. എമിയെ പോലെ കെപ്പയും മൈൻഡ് ​ഗെയിം നടത്താൻ ശ്രമിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പന്തെടുക്കാൻ വന്ന അർജന്റൈൻ സൂപ്പർ താരം ജൂലിയൻ അൽവാരസിനോടാണ് മൈൻഡ് ഗെയിം നടത്തി ശ്രദ്ധ തിരിക്കാനുള്ള ശ്രമം കെപ്പ നടത്തിയത്. അൽവാരസ് പന്തുമായി വന്ന സമയത്ത് താരത്തിനരികിലേക്ക് പോയ കെപ്പ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അൽവാരസിന്റെ ആത്മവിശ്വാസം തകർക്കാനുള്ള ശ്രമം നടത്തുകയായിരുന്നു കെപ്പ എന്ന് ആ കാഴ്ചയിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ അപ്പോൾ അൽവാരസ് പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തത്. ഒടുവിൽ റഫറിയെത്തി കെപ്പയെ അതിൽ നിന്നും പിന്തിരിപ്പിച്ച് പോസ്റ്റിനു കീഴിലേക്ക് പോകാൻ പറയേണ്ടി വന്നു.

തുടർന്ന് പെനാൽട്ടി കിക്കിലൂടെയായിരുന്നു അൽവാരസ് കെപ്പക്ക് മറുപടി നൽകിയത്. അൽവാരിസ് തൊടുത്ത കിക്കിന് കൃത്യമായ ദിശയിൽ തന്നെയാണ് കെപ്പ ചാടിയതെങ്കിലും അത് തടുക്കാനായില്ല.

എമിലിയാനോ മാർട്ടിനെസ് നിൽക്കുന്ന ഗോൾ പോസ്റ്റിൽ പെനാൽട്ടി പരിശീലനം നടത്തുന്ന താരത്തോടാണല്ലോ കെപ്പ മൈൻഡ് ഗെയിം കളിക്കാൻ പോയതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മത്സരത്തിന് ശേഷം ചെൽസി ഗോൾകീപ്പറുടെ മൈൻഡ് ഗെയ്മിനെ കുറിച്ച് അൽവാരസ് സംസാരിക്കുകയുണ്ടായി. ഗോൾകീപ്പർമാർ അവരുടെ ജോലി ചെയ്യാൻ ശ്രമിക്കുമെന്നും എന്നാൽ അതിൽ പതറാതെ സ്വന്തം ജോലി ചെയ്യുകയാണ് തന്റെ ചുമതലയെന്നും താരം പറഞ്ഞു.

എങ്ങോട്ടാണ് ഷൂട്ട് ചെയ്യുകയെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അതാണ് ചെയ്‌തതെന്നും താരം കൂട്ടിച്ചേർത്തു. മത്സരത്തിൽ അൽവാരസിന്റെ പെനാൽട്ടിക്ക് പുറമെ റിയാദ് മഹ്റാസ് നേടിയ ഇരട്ട ഗോളുകളും ഫിൽ ഫോഡൻ നേടിയ ഗോളുമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തിലേക്ക് നയിച്ചത്.

Content Highlights: Julián Álvarez talking to Kepa before the penalty