മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ സ്‌പെയിന്‍ തങ്ങളുടെ പരിശീലകന്‍ ജുലന്‍ ലോപെറ്റുഗിയെ പുറത്താക്കി. റയല്‍മാഡ്രിഡുമായുള്ള മൂന്നു വര്‍ഷത്തെ കരാറില്‍ ജുലന്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയേല്‍സാണ് തീരുമാനം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം പോര്‍ച്ചുഗലിനെതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം. ലോകകപ്പ് വേളയില്‍ ക്ലബ്ബുമായി ചര്‍ച്ച നടത്തുകയും ഒപ്പിടുകയും ചെയ്തതാണ് സ്‌പെയിന്‍ അധികൃതരെ ചൊടിപ്പിച്ചത്.
ജുലന്റെ തീരുമാനത്തെ തുടര്‍ന്ന് ലൂയിസ് റുബിയേല്‍സ് ഇന്നലെ മോസ്‌കോവിലെ ഫിഫ കോണ്‍ഗ്രസില്‍ നിന്നും ക്രാസന്‍ഡോറിലുള്ള സ്പെയിന്‍ ക്യാമ്പിലേക്ക് പോയിരുന്നു. ലോപെറ്റുഗിക്ക് പകരം സ്പെയിന്‍ സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഫെര്‍ണാഡിഞ്ഞോ ഹെയ്റോയോ, അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ ആല്ബര്‍ട്ട് സെലാഡെസോ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകകപ്പ് കഴിഞ്ഞാലുടന്‍ ലൊപെറ്റുഗി മാഡ്രിഡില്‍ ചുമതലയേല്‍ക്കും. ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതിന് പിന്നാലെ മെയ് മാസത്തിലാണ് സിദാന്‍ പരിശീലക സ്ഥാനമൊഴിഞ്ഞത്.പോര്‍ട്ടോ എഫ്.സി, സ്പാനിഷ് ക്ലബ്ബായ റയോ, റയല്‍ മാഡ്രിഡ് ബി ടീം എന്നിവയെ ജുലന്‍ നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. 2003ല്‍ സ്പെയിന്‍ അണ്ടര്‍ 17 ടീമിന്റെ ചുമതലയേറ്റെടുത്താണ് ലൊപെറ്റുഗി പരിശീലന രംഗത്തെത്തുന്നത്.