ദല്‍ഹി സര്‍ക്കാരിനെ പോലെ മോദി ജുഡീഷ്യറിയെയും കൈകാര്യം ചെയ്യുകയാണെന്ന് കെജ്‌രിവാള്‍
National Politics
ദല്‍ഹി സര്‍ക്കാരിനെ പോലെ മോദി ജുഡീഷ്യറിയെയും കൈകാര്യം ചെയ്യുകയാണെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th April 2018, 6:35 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെയാണ് ജുഡീഷ്യറിയെയും കൈകാര്യം ചെയ്യുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് സര്‍ക്കാരിനെതിരായ കെജ്‌രിവാളിന്റെ വിമര്‍ശനം.

സുപ്രീംകോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം കേന്ദ്രം പുനപരിശോധിക്കാനാവശ്യപ്പെട്ട സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ദല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഉദ്യോഗസ്ഥ നിയമനങ്ങളടക്കം തടയിടുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.


Read more: ചത്തീസ്ഗഢില്‍ 8 മാവോയിസ്റ്റുള്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യത


മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം ജോസഫിന്റെ നിയമനത്തെ കേന്ദ്രം എതിര്‍ത്തത് കേരളത്തിന് സുപ്രീം കോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യം ഉണ്ടെന്നും ജസ്റ്റിസ് കെ.എം. ജോസഫിനെക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ വേറെയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു.

ജനുവരി പത്തിന് കൊളീജിയം നല്‍കിയ ശുപാര്‍ശ മൂന്നരമാസം താമസിപ്പിച്ചശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. അതേ സമയം കൊളിജീയം നിര്‍ദേശിച്ച അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.