ജുഡീഷ്യല്‍ നടപടികളില്‍ വരുന്ന കാലതാമസവും ഉത്തരവുകള്‍ പ്രഖ്യാപിക്കുന്നതില്‍ വരുത്തുന്ന അലംഭാവവും അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഇത് നിലവിലെ ഭരണകൂടത്തിനെതിരെ സംശയമുന ഉയര്‍ത്തുന്നതാണെന്നും ക്യാമ്പെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സി.ജെ.എ.ആര്‍) പറഞ്ഞു.
ജുഡീഷ്യല്‍ കാലതാമസം കടുത്ത അനീതിക്ക് കാരണമാകുന്നെന്നും സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ തടവിലാക്കുന്നതിനും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും ഇത് വഴിയൊരുക്കുകയാണെന്നും സി.ജെ.എ.ആര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘വ്യക്തികളുടെ മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ജാമ്യാപേക്ഷകള്‍ വിധി പറയാതെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. കോടതികളിലുണ്ടാകുന്ന ഈ പ്രവണത ഞങ്ങള്‍ നിരാശയോടെയാണ് കാണുന്നത്.
യു.എ.പി.എ പ്രകാരം കേസെടുത്ത് 2020 ഏപ്രിലില്‍ അറസ്റ്റിലായ ഗള്‍ഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു സംഘടന രംഗത്തെത്തിയത്.
അതേ കേസിലെ മറ്റു പ്രതികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് 2021 ജൂണില്‍ ജാമ്യം ലഭിച്ചെങ്കിലും ഫാത്തിമ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
മൂവര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി പറഞ്ഞ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. ‘വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭയത്തിലാണ് വിവിധ സര്‍ക്കാരുകള്‍. ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കോടതിക്ക് കഴിയാതെ വരുന്നു. സംസ്ഥാനം ആവശ്യമായ രേഖകള്‍ കൈമാറുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ‘പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീകര പ്രവര്‍ത്തനത്തനമെന്ന ലേബലില്‍ കെട്ടുകയാണ്,’ എന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
പിന്നീട് ദല്‍ഹി പൊലീസ് ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തെങ്കിലും സുപ്രീം കോടതി പിന്നീട് ഇത് ശരിവെക്കുകയായിരുന്നു.
‘സുപ്രീം കോടതി ഉത്തരവ് പ്രകാരം ദേവാംഗനയ്ക്കും നടാഷയ്ക്കും ആ കേസിലുള്ള പങ്കേ ഫാത്തിമയ്ക്കും ഉള്ളൂ. തീര്‍ച്ചയായും അവള്‍ക്കും ജാമ്യം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ നമ്മുടെ ജുഡീഷ്യല്‍ വ്യവസ്ഥയിലെ കാലതാമസം കാരണം ജാമ്യാപേക്ഷയില്‍ ഒരു ഉത്തരവും പ്രഖ്യാപിക്കാതെ, അവള്‍ കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ജയിലില്‍ തുടരുകയാണ്, ‘സി.ജെ.എ.ആര്‍ പ്രസ്താവനയില്‍ പറഞ്ഞു.
2022 മെയ് 1-ന് ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷം ഫാത്തിമയുടെ ജാമ്യാപേക്ഷ 65 തവണ ദല്‍ഹി ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
തുല്യപൗരത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഖാലിദ് സൈഫിയുടെ കാര്യവും സി.ജെ.എ.ആര്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചു.
2020 ഫെബ്രുവരി 26-ന് ഖാലിദ് സെയ്ഫി അറസ്റ്റിലായി, ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 2022 മെയ് 10-നാണ് ആദ്യം ലിസ്റ്റ് ചെയ്തത്. അദ്ദേഹവും ജയിലില്‍ കഴിയുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. രണ്ട് ബെഞ്ചുകള്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്നുവെങ്കിലും വിധി പുറപ്പെടുവിച്ചില്ല.
മറ്റ് ചില പേരുടെ കൂടി ജാമ്യാപേക്ഷയും സമാനമായ രീതിയില്‍ ദല്‍ഹി ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുന്നു,’ സി.ജെ.എ.ആര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇത്. ജാമ്യാപേക്ഷകളില്‍ വിധിയില്ലാതെ ആളുകള്‍ ജയിലില്‍ കഴിയുന്നത് തുടരുകയാണ്. ഈ ജുഡീഷ്യല്‍ കാലതാമസം കടുത്ത അനീതിക്ക് കാരണമാകുകയാണ്.
കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായിട്ടും എഫ്.ഐ.ആര്‍ 59/20ല്‍ വിചാരണ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും ഇത് ഭയാനകമാണെന്നും സി.ജെ.എ.ആര്‍ പറഞ്ഞു.
ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കാത്തത് വഴി രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ക്ക് മേല്‍ യു.എ.പിഎ പോലുള്ള ക്രൂരമായ നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും യു.എ.പി.എയുടെ ദുരുപയോഗം കോടതി അനുവദിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
‘ദല്‍ഹി ഹൈക്കോടതിയോടും സുപ്രീം കോടതിയോടും ഈ കടുത്ത അനീതി മനസ്സിലാക്കാനും ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
ഒരു ജഡ്ജിയെ സ്ഥലം മാറ്റുകയോ പ്രൊമോഷന്‍ നല്‍കുകയോ ചെയ്താല്‍, കേസിലെ വാദങ്ങള്‍ അവസാനിപ്പിച്ച് വിധി റിസര്‍വ് ചെയ്തിട്ടുള്ള എല്ലാ ജാമ്യാപേക്ഷകളിലും ഒട്ടും വൈകാതെ വിധി പറയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതികള്‍ തയ്യാറകണമെന്നും അതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: Judicial delays are causing gross injustice and leading to continued incarceration of anti-CAA protestors