| Friday, 12th October 2018, 5:15 pm

മീ ടൂ; പരാതികള്‍ അന്വേഷിക്കാന്‍ നാല് മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “മീ ടൂ” വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു. നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുക.

മീ ടൂ ക്യാംപെയ്‌നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. കേന്ദ്രമന്ത്രി എം.ജെ. അക്ബറുള്‍പ്പെടെ നിരവധി പ്രമുഖരാണ് ആരോപണ വിധേയരായിട്ടുള്ളത്.

അതേസമയം, കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പരാതിയുമായി മറ്റൊരു മാധ്യമ പ്രവര്‍ത്തക കൂടി രംഗത്തെത്തി. കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയാണ് കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.


2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വേളയില്‍ എം.ജെ അക്ബര്‍ മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം. എം.ജെ അക്ബര്‍ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം. എം.ജെ അക്ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.

അതേസമയം, വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകും. ബി.ജെ.പി നേതൃത്വത്തില്‍നിന്ന് ആരും മന്ത്രിയെ പിന്തുണച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.


കേന്ദ്രമന്ത്രിമാരായ മേനകാ ഗാന്ധി, സ്മൃതി ഇറാനി എന്നിവര്‍ അക്ബറിന്റെ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കുമെന്ന് മേനകാ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more