| Saturday, 23rd November 2024, 8:03 am

ജാര്‍ഖണ്ഡില്‍ മുന്നേറി ഇന്ത്യാ സഖ്യം മഹാരാഷ്ട്രയില്‍ എന്‍.ഡി.എ; ആദ്യ ഫല സൂചനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ആദ്യ ലീഡ് പുറത്തുവരുമ്പോള്‍ എന്‍.ഡി.എ മുന്നില്‍. ആദ്യ ഫലസൂചനകളില്‍ മഹാരാഷ്ട്രയില്‍ 223 സീറ്റിലും ജാര്‍ഖണ്ഡില്‍ 41 സീറ്റിനുമാണ് എന്‍.ഡി.എ മുന്നിട്ടുനില്‍ക്കുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ 66 സീറ്റുകള്‍ക്കും ജാര്‍ഖണ്ഡില്‍ 33 സീറ്റിനും ഇന്ത്യ സഖ്യം പിന്നിലാണ്.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാനിരിക്കെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഇന്ത്യ സഖ്യവും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും ബി.ജെ.പിയുമടക്കമുള്ള മഹായുതി സഖ്യവും ശിവസേന (യു.ബി.ടി), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

മഹായുതി സഖ്യത്തില്‍ ബി.ജെ.പി 149 സീറ്റുകളിലും ശിവസേന 81 സീറ്റിലേക്കും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 59 സീറ്റുകളിലേക്കുമാണ് മത്സരിച്ചത്.മഹാ വികാസ് അഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസ് 101 സീറ്റിലും ശിവസേന (യു.ബി.ടി) 95 ഉം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 86 സീറ്റുകളിലേക്കുമാണ് മത്സരിച്ചത്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകന്‍ ആദിത്യ താക്കറെ, അജിത് പവാര്‍, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മഹായുതി സഖ്യത്തിന് വിധിയെഴുതിയെങ്കിലും ജനങ്ങളുടെ വിധിയെഴുത്തിന്റെ ഫലം വരാനാണ് ഇരു സഖ്യങ്ങളും കാത്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ പ്രധാന പാര്‍ട്ടികളായ ശിവസേനയുടെയും എന്‍.സി.പിയുടെയും പിളര്‍പ്പിനെ തുടര്‍ന്ന് നടക്കുന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പാണെന്നുള്ളതും നിര്‍ണായകമാണ്.

അതേസമയം ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യവും തമ്മിലാണ് പോരാട്ടം നടക്കുന്നത്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാര്‍ട്ടി എന്നിവയുമാണ് ഉള്‍പ്പെടുന്നത്. ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) തുടങ്ങിയ പാര്‍ട്ടികളുടെ സഖ്യവുമാണ്.

ജാര്‍ഖണ്ഡില്‍ 81 നിയമസഭാ സീറ്റുകളിലായി നവംബര്‍ 13നും 20നും ഇരു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 68.95 ശതമാനം പോളിങ്ങ് രേഖപ്പെടുത്തുകയുണ്ടായി.

updating…

Content Highlight: Judgment in Maharashtra and Jharkhand today

We use cookies to give you the best possible experience. Learn more