അന്വേഷണം നിലവാരമില്ലാത്തതും, ഏകപക്ഷീയവും; റിയാസ് മൗലവി വധത്തില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വിധിന്യായം
Kerala News
അന്വേഷണം നിലവാരമില്ലാത്തതും, ഏകപക്ഷീയവും; റിയാസ് മൗലവി വധത്തില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വിധിന്യായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2024, 8:07 pm

തിരുവന്തപുരം: റിയാസ് മൗലവി വധത്തില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ച പറ്റിയെന്ന് വിധിന്യായം. തെളിവെടുപ്പിലും തെളിവ് ശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

കൊലയുടെ ഉദ്യേശം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വസ്ത്രത്തില്‍ പുരണ്ട രക്തക്കറയുടെ ഡി.എന്‍.എ പരിശോധന നടത്തിയില്ലെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ണ പരാജയമായിരുന്നെന്നും കോടതി കുറ്റപ്പെടുത്തി.

കേസിന്റെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതലുകളും പ്രതികളും തമ്മിലുള്ള ബന്ധം കോടതിയില്‍ തെളിയിക്കാന്‍ പ്രോസികൃൂഷന് സാധിച്ചിരുന്നില്ല. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തി ഉപയോഗിച്ചാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാനും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട കോടതിയുടെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധി ന്യായത്തില്‍ പറയുന്നു. റിയാസ് മൗലവിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത സിമ്മോ മെമ്മറി കാര്‍ഡോ പരിശോധിച്ചില്ല. ഇത്തരത്തില്‍ കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയ ഓരോ തെളിവുകളെ കുറിച്ചുമുള്ള സംശയങ്ങള്‍ കെ.കെ. ബാലകൃഷ്ണന്‍ തന്റെ വിധിന്യായത്തില്‍ ഉന്നയിച്ചു.

പ്രതികളാണ് കൊലപാതകം നടത്തിയത് എന്നത് കൃത്യമായ തെളിവുകളിലൂടെ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്നെ പ്രതികളുടെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് ഒരു പരിശോധനയും അന്വേഷണ സംഘം നടത്തിയില്ലെന്നും കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായി വിശദീകരിക്കാന്‍ സാധിച്ചില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

അതിനാല്‍ കൊലപാതകവും അതിലെ പ്രതികളുടെ പങ്കും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിടുന്നെന്നാണ് വിധിന്യായത്തില്‍ പറഞ്ഞത്.

റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ.കെ. ബാലക്യഷ്ണനാണ് ശനിയാഴ്ച വിധി പുറപ്പെടുവിച്ചത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്.

Content Highlight: Judgment enumerated the prosecution’s failures in Riyaz Maulvi’s murder