ശമ്പളവര്‍ധനവും കൂടുതല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജഡ്ജിമാര്‍
Daily News
ശമ്പളവര്‍ധനവും കൂടുതല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജഡ്ജിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2015, 10:15 am

court ന്യൂദല്‍ഹി: ശമ്പള വര്‍ധനവും വിരമിച്ചതിനുശേഷം കൂടുതല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജഡ്ജിമാര്‍. അടുത്തിടെ നടന്ന മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും കോണ്‍ഫറന്‍സിലാണ് ജഡ്ജിമാരുടെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വിരമിച്ചതിനുശേഷം ചികിത്സാകാര്യങ്ങളില്‍ സഹായിയെയും ചികിത്സയ്ക്കായുള്ള യാത്രാസൗകര്യവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെടുന്നു.

വിരമിച്ച ജഡ്ജിമാര്‍ക്കായി ഔദ്യോഗിക കാര്യങ്ങളിലും വിനോദസഞ്ചാര, ആരാധനാലയങ്ങളിലും വേണ്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ട്രയിന്‍, വിമാന ടിക്കറ്റുകള്‍ എടുക്കുന്നതിനും സഹായിയെ വേണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതിക്കും ഹൈക്കോടതിക്കും കിട്ടുന്ന സാമ്പത്തിക സഹായം, സുപ്രീം കോടതിക്കും ഹൈക്കോടതിക്കും സാമ്പത്തിക സ്വയം ഭരണാധികാരം തുടങ്ങിയ ഭരണകാര്യങ്ങള്‍ നോക്കുന്നതിനായി ദേശീയ ജുഡീഷ്യല്‍ കൗണ്‍സിലും സംസ്ഥാന ജുഡീഷ്യല്‍ കൗണ്‍സിലും വേണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

ശമ്പളത്തില്‍ വന്‍ വര്‍ധനവും ജഡ്ജിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അത് അനിവാര്യമാണെന്നും ജഡ്ജിമാര്‍ അറിയിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മാസശമ്പളം 2.10 ലക്ഷം രൂപയാമ്. ഹൈക്കോടതി ജഡ്ജിമാരുടേത് 1.85 ലക്ഷം രൂപയും. ഇതിനു പുറമേ സൗജന്യ താമസ സൗകര്യവും ഔദ്യോഗിക വാഹനവും സൗജന്യ വൈദ്യുതി, ട്രാവല്‍ അലവന്‍സ്, ചികിത്സാ സഹായം എന്നിവ ലഭിക്കും.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം 4.50ലക്ഷം രൂപയാക്കി ഉയര്‍ത്താനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതി ജഡ്ജിമാരുടേത് 4 ലക്ഷം ആക്കണമെന്നും ആവശ്യപ്പെടുന്നു.