ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ശേഖര്‍ കുമാര്‍ യാദവ്, ദിനേശ് പതക് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
‘വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും-കാരണങ്ങളും പ്രതിരോധവും’ എന്ന വിഷയത്തിലാണ് വി.എച്ച്.പി പരിപാടി സംഘടിപ്പിച്ചത്.
ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലാണ് പരിപാടി നടത്തിയത്. വാരണാസി ആസ്ഥാനമായുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്ലായിരുന്നു സെമിനാറിന്റെ സംഘടകര്‍.
ഏകീകൃത സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്ന് ജസ്റ്റിസ് ശേഖര്‍ യാദവ് സെമിനാറില്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനല്‍കുന്നതാണെന്നും ശേഖര്‍ യാദവ് സംസാരിച്ചു.
ഏകീകൃത സിവില്‍ കോഡ് ആവശ്യപ്പെടുന്നത് ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠവും യു.സി.സിയെ പിന്തുണക്കുന്നുണ്ടെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു.
നേരത്തെ തന്റെ വിധി പ്രസ്താവനകളിലൂടെ ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ യാദവ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജഡ്ജി പ്രഖ്യാപിച്ചിരുന്നു.
പശു ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ തന്നെ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതെന്നാണ് ശേഖര്‍ യാദവ് പറഞ്ഞത്. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
വി.എച്ച്.പിയുടെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് മുത്തലാഖ്, ഹലാല്‍ എന്നീ നീക്കങ്ങള്‍ ഇനി അനുവദിക്കില്ലെന്നും ജഡ്ജി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു വേദങ്ങളില്‍ ആദരിക്കപ്പെടുന്ന സ്ത്രീകളെ അപമാനിക്കാനോ തലാഖ് ചൊല്ലാനോ കഴിയില്ലെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
1985ലെ ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവെന്നും അലഹബാദ് ഹൈക്കോടതി ജഡ്ജി വിമര്‍ശിച്ചു.
Content Highlight: Judges of Allahabad High Court at VHP’s seminar; Program in the court hall