കൊൽക്കത്ത: ജഡ്ജിമാരെ ദൈവമായും കോടതിയെ ക്ഷേത്രമായും കാണുന്നത് അപകടമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഈസ്റ്റ് സോൺ 2 റീജിയണൽ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ആളുകൾ പലപ്പോഴും വലിയ ആരാധനയോടെ ജഡ്ജിമാരെ നോക്കി കാണുന്നു. ഇത് നിസാരമായ ഒരു സംഗതിയല്ല. വളരെ ഗുരുതരമായ അപകടമുണ്ട്. ആളുകളുടെ ആരാധനയിൽ അഭിരമിച്ച് ആ ക്ഷേത്രങ്ങളിലെ ദൈവങ്ങളായി നാം സ്വയം കാണുന്നതും വലിയ അപകടമാണ്,’ ചന്ദ്രചൂഡ് പറഞ്ഞു.
ജഡ്ജിമാർ ജനങ്ങളുടെ സേവകരാണെന്നും ജനാധിപത്യത്തിലൂന്നിയായിരിക്കണം അവർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെ സേവിക്കാനുള്ള ആളുകളായി നിങ്ങൾ നിങ്ങളെ തെരെഞ്ഞെടുക്കുമ്പോൾ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ആളുകളെ നോക്കി കാണുന്നതിന് പ്രാധാന്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് ശിക്ഷ വിധിക്കുന്നത്. കാരണം, അവസാനം ശിക്ഷിക്കപ്പെടുന്നത് ഒരു മനുഷ്യനാണെന്ന ബോധ്യം അയാൾക്കുണ്ടാകുന്നു.’ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞ അദ്ദേഹം, ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടനാപരമായ വസ്തുതകൾ എത്ര മാത്രം വില മതിക്കുന്നതാണെന്ന് സൂചിപ്പിക്കുകയുണ്ടായി.
ഭരണഘടനാപരമായ ധാർമ്മികതയുടെ ഈ ആശയങ്ങൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്ക് തന്നെ പ്രധാനമാണെന്നും സാധാരണ പൗരന്മാരുടെ ഇടപെടൽ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Judges not deities, dangerous to think of court as temple of justice: CJI D Y Chandrachud