ന്യൂദല്‍ഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും ജഡ്ജിമാര്‍ക്ക് ആഹ്‌ളാദ പ്രകടനം നടത്താനുള്ള സ്ഥാനമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എന്‍. കോടീശ്വരന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം. മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായ അതിഥി കുമാര്‍ ശര്‍മ, സരിത ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബെഞ്ചിന്റെ പരാമര്‍ശം.
അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ ബെഞ്ചിന് മുമ്പാകെ ഹരജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പരാമര്‍ശം.
ജഡ്ജിമാര്‍ ഫേസ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കണം. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ വിധിന്യായങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. കാരണം വരാനിരിക്കുന്ന വിധി മറ്റൊരു തരത്തില്‍ പുറത്തുവരും, ബെഞ്ച് അഭിപ്രായപ്പെട്ടു.
വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ ഫെയ്‌സ് ബുക്കില്‍ ചില പോസ്റ്റുകളിട്ടത് അവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള കാരണമായെന്നും ബെഞ്ച് അറിയിച്ചു.
ഫേസ്ബുക്ക് ഒരു തുറന്ന വേദിയായതുകൊണ്ടുതന്നെ അത് പൊതുസ്ഥലത്ത് സംസാരിക്കുന്നതിന്റെ അത്ര നല്ലതല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ ഓഫീസറോ ജുഡീഷ്യറി സംബന്ധമായ ഏതെങ്കിലും ജോലി ചെയ്യുന്ന വ്യക്തിയോ ആണെങ്കില്‍ ഫേസ് ബുക്ക് ഉപയോഗം നിയന്ത്രിക്കണമെന്നും വ്യക്തമാക്കി.
‘ഫേസ്ബുക്ക് ഒരു തുറന്ന പ്ലാറ്റ്ഫോമാണ്. നിങ്ങള്‍ ഒരു സന്യാസിയായി ജീവിക്കണം, ഒരു കുതിരയെപ്പോലെ ജോലി ചെയ്യണം. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ വളരെയധികം ത്യാഗം ചെയ്യണം. അവര്‍ ഫേസ്ബുക്കില്‍ കയറരുത്,’ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
Content Highlight: Judges must refrain from using social media: Supreme Court