ന്യൂദൽഹി: മറ്റൊരാളുടെ അഭിപ്രായങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് പൊലീസിനെയും കോടതികളെയും ഓർമ്മിപ്പിച്ച് സുപ്രീം കോടതി. ‘ഏ ഖൂം കെ പ്യാസെ ബാത് സുനോ’ എന്ന കവിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് കോൺഗ്രസ് രാജ്യസഭാ എം.പി ഇമ്രാൻ പ്രതാപ്ഗഢിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഓർമ്മപ്പെടുത്തൽ.
തനിക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതാപ്ഗഢി സമർപ്പിച്ച ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി. ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഗുജറാത്ത് പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ചതിന് ഗുജറാത്ത് ഹൈക്കോടതിയെ വിമർശിച്ച കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതികൾക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞു.
‘കവിത, നാടകം, സിനിമ, ആക്ഷേപഹാസ്യം, തുടങ്ങിയ കലകളും സാഹിത്യവും മനുഷ്യജീവിതത്തെ കൂടുതൽ അർത്ഥവത്തായതാക്കുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ 75 വർഷങ്ങൾക്ക് ശേഷവും, ഒരു കവിത പാരായണം ചെയ്യുന്നതോ, സ്റ്റാൻഡ്-അപ്പ് കോമഡി പോലുള്ള ഏതെങ്കിലും അവതരിപ്പിക്കുന്നതോ, വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ ഉണ്ടാക്കുമെന്ന് ആരോപിക്കാൻ കഴിയില്ല.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും നടപ്പിലാക്കാനും കോടതികൾ ബാധ്യസ്ഥരാണ്. ചിലപ്പോൾ നമ്മൾ ജഡ്ജിമാർക്ക് മറ്റുള്ളവർ സംസാരിക്കുന്നതോ എഴുതുന്നതോ ആയ വാക്കുകൾ ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ ആർട്ടിക്കിൾ 19(1) പ്രകാരമുള്ള മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണ്.
മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടേണ്ടത് കോടതിയുടെ കടമയാണ്. പ്രത്യേകിച്ച്, പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾ മുൻപന്തിയിൽ നിൽക്കണം. ഭരണഘടനയും ഭരണഘടനയുടെ ആദർശങ്ങളും ചവിട്ടിമെതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ കടമയാണ്,’ സുപ്രീം കോടതി പറഞ്ഞു.
ഒപ്പം പൊലീസ് ഉദ്യോഗസ്ഥർ ഭരണഘടന അനുസരിക്കുകയും അതിന്റെ ആദർശങ്ങളെ ബഹുമാനിക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
‘പൊലീസ് ഉദ്യോഗസ്ഥർ ഭരണഘടന അനുസരിക്കുകയും അതിന്റെ ആദർശങ്ങളെ ബഹുമാനിക്കുകയും വേണം. ചിന്തയ്ക്കും ആവിഷ്കാരത്തിനും ഉള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ്,’ കോടതി പറഞ്ഞു.
പ്രതാപ്ഗഢിയുടെ പോസ്റ്റ് അക്രമത്തിനോ സാമുദായിക പൊരുത്തക്കേടിനോ പ്രേരിപ്പിക്കുന്നില്ലെന്നും അതിന്റെ വ്യാഖ്യാനം ന്യായമായ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും കോടതി വിധിച്ചു.
2023ൽ ഭാരതീയ ന്യായ സംഹിതയിലെ 196, 197, 299, 302, 57 എന്നീ വകുപ്പുകൾ പ്രകാരമാണ് ജാംനഗറിൽ കോൺഗ്രസ് എം.പിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രവൃത്തികൾ ചെയ്തു എന്നതായിരുന്നു കുറ്റം.
2025 ജനുവരി 17ന് ഗുജറാത്ത് ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ചു. കവിതയുടെ ഉള്ളടക്കത്തിൽ സിംഹാസനം എന്ന പരാമർശമുണ്ടെന്നും പോസ്റ്റിനുള്ള പ്രതികരണങ്ങൾ സാമൂഹിക ഐക്യത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു എം.പി എന്ന നിലയിൽ, പ്രതാപ്ഗഢി സാമൂഹിക ഐക്യത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ലായിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു.
അതേസമയം സമാനമായാ മറ്റൊരു കേസിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഏപ്രിൽ ഏഴ് വരെ മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ വിമർശിച്ചതിന് മുംബൈയിലെ എം.ഐ.ഡി.സി പൊലീസ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Content Highlight: Judges Must Protect Freedom Of Speech Even If They Don’t Like What Was Said’ : Supreme Court Quashes Gujarat FIR Against Congress MP Over Poem