| Tuesday, 25th April 2023, 11:46 am

പരിഗണനയിലിരിക്കുന്ന കേസുകളില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കലല്ല ജഡ്ജിമാരുടെ ജോലി: ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീര്‍പ്പ് കല്‍പിക്കാത്ത കേസുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കലല്ല ജഡ്ജിമാരുടെ ജോലിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരു ന്യൂസ് ചാനലില്‍ അഭിമുഖം നല്‍കിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയോട് രജിസ്ട്രാര്‍ ജനറല്‍ മുഖേന സുപ്രീംകോടതി വിശദീകരണമാവശ്യപ്പെട്ടിരുന്നു.

‘തീര്‍പ്പ് കല്‍പിക്കാത്ത കേസുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ കൊടുക്കുന്നത് ജഡ്ജിമാരുടെ ജോലിയല്ല. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരം ശരിയാണെങ്കില്‍ ഈ കേസില്‍ അദ്ദേഹം ഇനിയും വിചാരണ നടത്തേണ്ട കാര്യമില്ല. അദ്ദേഹം അഭിമുഖം നല്‍കിയിട്ടുണ്ടെങ്കില്‍, ഇനി തുടര്‍ന്നുള്ള നടപടികളുടെ ഭാഗമാകാനാകില്ല. കോടതി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുന്നില്ല , എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ പരാതിക്കാരനെക്കുറിച്ച് ഒരു ജഡ്ജി അഭിപ്രായം പറയുകയാണെങ്കില്‍ അദ്ദേഹം പിന്നീട് ആ കേസ് കേള്‍ക്കേണ്ടതില്ല. കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെപ്പറ്റി ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ ഒരു ജഡ്ജിയെ വിചാരണ നടപടികളുമായി തുടര്‍ന്ന് പോകാന്‍ അനുവദിക്കണമോ എന്നതാണ് ചോദ്യം,’ കോടതി പറഞ്ഞു.

വെള്ളിയാഴ്ചക്ക് മുമ്പ് വിഷയത്തില്‍ ജഡ്ജിയുടെ വിശദീകരണം നല്‍കണമെന്ന് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

അധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട് കേസില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരായ കേസില്‍ ജഡ്ജി സ്വകാര്യ ചാനലില്‍ അഭിമുഖം നല്‍കിയെന്ന വിഷയം, മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്കായാണ് സിംഗ്‌വി കോടതിയില്‍ ഹാജരായത്.

അഭിഷേകിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തെ താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഏപ്രില്‍ 13നാണ് അഭിഷേകിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്കും ഇ.ഡിക്കും അഭിജിത്ത് ഗംഗോപാധ്യായയുടെ ഏകാംഗ ബെഞ്ച് അനുമതി നല്‍കി ഉത്തരവിട്ടത്.

Content Highlights: Judges’ job not to give media interviews on pending cases: Chief Justice

We use cookies to give you the best possible experience. Learn more