കൊച്ചി: ഇന്ധനവിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക.
വാഹനത്തിന്റെ അറ്റകുറ്റപണിയ്ക്കായി ഏകദേശം ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജോജു കോടതിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം അടച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍, അറ്റകുറ്റപണിയുടെ 50 ശതമാനമല്ല, കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
അതിനിടെ, സംഘര്‍ഷത്തിനിടെ ജോജു തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് കമ്മറ്റി ഇന്ന് മരട് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തും.
എന്നാല്‍, ഉപരോധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ജോജുവിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ ജോജുവിനെതിരായ കൊലവിളി മുദ്രാവാക്യങ്ങളും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.
ഡി.സി.സി മുതല്‍ എറണാകുളം ഷേണായ്‌സ് തിയേറ്റര്‍ വരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം.
ജോജു ജോര്‍ജിന്റെ ചിത്രത്തോടൊപ്പം റീത്ത് വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്.