ചിദംബരത്തിന്റെ ജാമ്യ ഹരജി തള്ളിയ ഹൈക്കോടതി ജഡ്ജിയ്ക്ക് പി.എം.എല്‍.എ അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമനം
India
ചിദംബരത്തിന്റെ ജാമ്യ ഹരജി തള്ളിയ ഹൈക്കോടതി ജഡ്ജിയ്ക്ക് പി.എം.എല്‍.എ അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 2:43 pm

 

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നും വിരമിച്ച ജസ്റ്റിസ് സുനില്‍ ഗൗറിനെ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുവേണ്ടിയുള്ള (പി.എം.എല്‍.എ) അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയര്‍പേഴ്‌സണായി നിയമിച്ചു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ ആയിരുന്നു.

ചിദംബരത്തിന്റെ ഹരജി പരിഗണിച്ചതിന്റെ പിന്നാലെ ആഗസ്റ്റ് 23നാണ് ഗൗര്‍ വിരമിച്ചത്. ചിദംബരത്തിനെതിരായ കേസ് ‘സാമ്പത്തിക തട്ടിപ്പിന് ഉത്തമ ഉദാഹരണമാണ്’ എന്നും ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അദ്ദേഹം മുഖ്യ ഗൂഢാലോചകനാണ് എന്നും ഗൗര്‍ നിരീക്ഷിച്ചിരുന്നു.

ചിദംബരത്തിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഗൗര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട കേസും ഗൗര്‍ ആയിരുന്നു വാദം കേട്ടിരുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയായിരുന്നു ഈ കേസില്‍ ആരോപണ വിധേയന്‍. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയും തള്ളിയിരുന്നു.

2008ലാണ് ഗൗറിനെ ഹൈക്കോടതിയിലേക്ക് ഉയര്‍ത്തിയത്. മാംസ കയറ്റുമതിക്കാരന്‍ മോയിന്‍ ഖുറേഷിയ്ക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസ് ഉള്‍പ്പെടെയുള്ള ചില അഴിമതിക്കേസുകളും ഗൗര്‍ കൈകാര്യം ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1984ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലാണ് ഗൗര്‍ കരിയര്‍ തുടങ്ങിയത്. 1995ല്‍ അദ്ദേഹം ദല്‍ഹി ഹയര്‍ ജുഡീഷ്യല്‍ സര്‍വ്വീസില്‍ ചേര്‍ന്നിരുന്നു.