| Tuesday, 20th August 2019, 9:42 pm

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി വെള്ളിയാഴ്ച വിരമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗര്‍ വെള്ളിയാഴ്ച വിരമിക്കുന്നു.

2008 മുതല്‍ ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു ജസ്റ്റിസ് സുനില്‍ ഗൗര്‍. നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധു രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതും ജസ്റ്റിസ് സുനില്‍ ഗൗര്‍ ആയിരുന്നു. ഫലപ്രദമായ അന്വേഷണം നടക്കണമെങ്കില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നത്.

ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ ചിദംബരത്തിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും എം.പിയായത് കൊണ്ട് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സുനില്‍ ഗൗര്‍ ഇന്ന് പറഞ്ഞിരുന്നു.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സി.ബി.ഐ സംഘം വൈകീട്ടോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില്‍ തിരിച്ചു പോയി. ആറ് പേരടങ്ങുന്ന സി.ബി.ഐ സംഘമാണ് വൈകുന്നേരത്തോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. മുന്‍ധനമന്ത്രിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ല്‍ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐ.എന്‍.എക്സ്. മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more