| Monday, 9th March 2020, 11:36 am

ബി.ജെ.പി മുന്‍മന്ത്രി മായാ കോട്നാനി പ്രതിയായ നരോദ പാട്യാ കേസില്‍ ജഡ്ജിയെ സ്ഥലംമാറ്റി; നടപടി കേസ് അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കവേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: മുന്‍ ബി.ജെ.പി മന്ത്രി മായാ കൊട്‌നാനി പ്രതിയായ 2002ലെ നരോദ പാട്യ കലാപത്തിന്റെ വാദം കേള്‍ക്കുന്ന പ്രത്യേക അന്വേഷണ വിഭാഗം ജഡ്ജിയെ സ്ഥലം മാറ്റി. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം വല്‍സദിലെ പ്രിന്‍സിപല്‍ ജില്ലാ ജഡ്ജിയായാണ് പുതിയ മാറ്റം.

ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്ന പ്രകാരം സിവില്‍ കോടതിയിലെ പ്രിന്‍സിപല്‍ ജഡ്ജായ എം. കെ ദവെയെയാണ് വല്‍സദിലെ പ്രിന്‍സിപല്‍ ജഡ്ജായി നിയമിച്ചത്. വല്‍സദിന്റെ മുന്‍ ജില്ലാ ജഡ്ജി എസ്.കെ ബക്ഷിക്ക് പകരമാണ് ദവെയെ നിയമിക്കുന്നത്.

നരോദ പാട്യ കലാപ കേസില്‍ ജഡ്ജി ദവെ അന്തിമ വാദം കേള്‍ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കൊട്‌നാനിയുടെ അഭിഭാഷകന്‍ തന്റെ വാദം ആരംഭിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ ജഡ്ജിയുടെ മാറ്റം.

ഇരുവിഭാഗങ്ങളുടെയും വാദം ഇതിനോടകം തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ജഡ്ജി ദവെയുടെ മാറ്റത്തോടെ, പുതിയ ജഡ്ജി അന്തിമ വാദങ്ങള്‍ പുതുതായി കേള്‍ക്കാനിടയുണ്ട്. 2018 ഫെബ്രുവരിയോടെയാണ് നരോദ പാട്യ കേസില്‍ കോടതി തെളിവു ശേഖരണം ആരംഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ വിഭാഗമാണ് നരോദ പാട്ട്യ കൂട്ടക്കൊല അന്വേഷിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് അഹമ്മദാബാദിലെ നരോദ പാട്യയില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട  11 പേരാണ് കൊല്ലപ്പെട്ടത്.

82 പേരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്നത്. മുന്‍ മന്ത്രി കൊട്‌നാനിയും കേസില്‍ വിചാരണ നേരിടുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു മായാ കൊട്‌നാനി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ അപാകതകളുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട വാദങ്ങളും മേല്‍നോട്ടവും പ്രത്യേക അന്വേഷണ സംഘം തന്നെ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുജറാത്ത് കലാപത്തിനിടയിലെ ഒന്‍പത് കൂട്ടക്കൊല കേസുകളില്‍ നരോദ പാട്യ കേസിന്റെ വാദം മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.

We use cookies to give you the best possible experience. Learn more