| Thursday, 12th September 2024, 8:41 am

കര്‍ണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ച ജഡ്ജിയും വിശ്വഹിന്ദു പരിഷത്ത് പരിപാടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ഹേമന്ത് ഗുപ്ത പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധി ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

2021ല്‍ ഫെബ്രുവരിയില്‍ കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് അത്യാവശ്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വാദം. തുടര്‍ന്ന് വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും ജസ്റ്റിസ് ഗുപ്ത അടക്കമുള്ള ബെഞ്ച് ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഹേമന്ത് ഗുപ്ത വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ഹേമന്ത് ഗുപ്ത മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

‘ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിലാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്. വിരമിച്ചതിനു ശേഷം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റ് ജഡ്ജിമാരെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും വ്യക്തമാക്കാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ എനിക്ക് സ്വാതന്ത്രമുണ്ട്,’ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ദി ക്വിന്റിനോട് പ്രതികരിച്ചു.

സെപ്റ്റംബര്‍ എട്ടിന് ന്യൂദല്‍ഹിയില്‍ വെച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ലീഗല്‍ സെല്‍ പരിപാടിയില്‍ ഉന്നതരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിയുടെ എക്‌സ് പോസ്റ്റ് പ്രകാരം വിരമിച്ച ജഡ്ജിമാരുള്‍പ്പെടെ നിയമജ്ഞര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച 30തോളം ജഡ്ജിമാര്‍ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ മത പരിവര്‍ത്തനം, ഗോസംരക്ഷണം, വാരണാസിയിലെയും മഥുരയിലെയും ക്ഷേത്ര മസ്ജിദ് തര്‍ക്കങ്ങള്‍, അയല്‍രാജ്യങ്ങളിലെ ഹിന്ദു ന്യൂനപക്ഷ പീഡനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: judge upheld hijab ban in karnataka at viswa hindu parishad event

Latest Stories

We use cookies to give you the best possible experience. Learn more