| Monday, 29th August 2022, 11:52 pm

പൃഷ്ഠത്തില്‍ ആനുകൂല്യങ്ങളുടെ ആല് കിളിര്‍ത്താല്‍ അതിന്റെ തണലില്‍ അവനൊക്കെ രമണീയമായി കഴിയും: ജസ്റ്റിസ് രമണക്കെതിരെ വീണ്ടും വിമര്‍ശനവുമായി എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എന്‍.വി. രമണക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ്.സുദീപ്. വിരമിച്ച രമണന്മാരുടെ പൃഷ്ഠത്തില്‍ ആനുകൂല്യങ്ങളുടെ ആല് കിളിര്‍ത്താല്‍ അതിന്റെ തണലില്‍ അവനൊക്കെ രമണീയമായി മരണം വരെ കഴിയുമെന്നാണ് എസ്. സുദീപ് പറഞ്ഞത്.

വിരമിച്ചതോടെ ജസ്റ്റിസ് രമണക്ക് ലഭിക്കാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ അക്കമിട്ടാണ് സുദീപിന്റെ വിമര്‍ശനം. ആറ് മാസത്തേയ്ക്കും ഒരു വര്‍ഷത്തേയ്ക്കുമുള്ള ആനുകൂല്യങ്ങളെയാണ് താന്‍ ആദ്യ പോസ്റ്റില്‍ വിമര്‍ശിച്ചതെന്നും, അതിനുമപ്പുറത്തേയ്ക്ക് മരണംവരെയും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട് കേന്ദ്രം എല്ലാ രമണന്മാരെയും അടുത്ത ഭേദഗതി വഴി വീണ്ടും ആദരിച്ചിരിക്കുന്നുവെന്നും സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

നൂറുകണക്കിനു വിരമിച്ച രമണന്മാരുണ്ട്. ഇനിയുമൊത്തിരി രമണന്മാര്‍ വിരമിക്കും. എന്നിട്ട് ഇവിടെ നമ്മുടെ ചെലവില്‍ തടിച്ചു കൊഴുത്തങ്ങനെ ജീവിക്കും. നമ്മള്‍ ചെലവിന് കൊടുക്കുന്ന ജോലിക്കാരനും ഡ്രൈവറും സെക്രട്ടറിയും വീടും ഫോണും ഇന്റര്‍നെറ്റുമൊക്കെയായി സുഖിച്ചങ്ങനെ കഴിയുമെന്നും സുദീപ് പറയുന്നു.

‘നമ്മള്‍ വെറും മരണന്മാരാണ്. വായില്‍ വിരലിട്ടങ്ങനെ ജീവിക്കും. കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കേണ്ടുന്ന നോട്ട് നിരോധനം, ഹിജാബ് നിരോധനം, പൗരത്വ നിയമം, കശ്മീര്‍ വിഷയം, യു.എ.പി.എ ഒക്കെയും ഒന്നു തൊടുക പോലും ചെയ്യാതെ മൂടും തട്ടി പുറത്തെത്തുന്ന രമണന്മാര്‍ക്ക് കേന്ദ്രം വാരിക്കോരി നല്‍കും. നമ്മള്‍ നോക്കിയിരിക്കും,’ എസ്. സുദീപ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെറ്റായ പോസ്റ്റ് പിന്‍വലിച്ച് ഞാന്‍ മാപ്പു പറയുന്നു, കേന്ദ്ര സര്‍ക്കാരിനോടും ശ്രീ. എന്‍.വി. രമണ അടക്കമുള്ളവരോടും.
ബഹുമാനപ്പെട്ട ശ്രീ. രമണ വിരമിക്കുന്നതിനു തൊട്ടു മുമ്പായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിരമിക്കുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ആറു മാസത്തേയ്ക്കും ഒരു വര്‍ഷത്തേയ്ക്കും പരിമിതകാലത്തേയ്ക്കായി ചില ആനുകൂല്യങ്ങള്‍ അനുവദിച്ചതിനെ വിമര്‍ശിച്ചു ഞാനൊരു പോസ്റ്റിട്ടിരുന്നു.
ഖേദപൂര്‍വ്വം പറയട്ടെ, ആ പോസ്റ്റ് തെറ്റാണ്.

യഥാര്‍ത്ഥത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ താഴെ പറയും പ്രകാരമാണ്:
വിരമിക്കുന്ന എല്ലാ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ആജീവനാന്തം ഡ്രൈവറെ നല്‍കും. ശമ്പളം കേന്ദ്ര സര്‍ക്കാര്‍ കൊടുക്കും.
ആജീവനാന്തം സര്‍ക്കാര്‍ ചെലവില്‍ തന്നെ വീട്ടുജോലിക്കാരനെക്കൂടി വിരമിക്കുന്ന എല്ലാ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും നല്‍കും.
വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ ഒരു സെക്രട്ടറിയെക്കൂടി കേന്ദ്രം നല്‍കും.
വിരമിക്കുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് മാസം തോറും 4200 രൂപ വീതം ഫോണിനും ഇന്റര്‍നെറ്റിനുമായി നല്‍കും.
സുരക്ഷാ ജീവനക്കാരനെ, വിരമിച്ച ശേഷവും സര്‍ക്കാര്‍ ചെലവില്‍ നല്‍കും. റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസിന് അഞ്ചു വര്‍ഷത്തേയ്ക്കും ജഡ്ജിമാര്‍ക്ക് മൂന്നു വര്‍ഷവും.

ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നതിനു തൊട്ടു മുമ്പായി കേന്ദ്രം ചട്ടങ്ങള്‍ ഭേദഗതി ചെയ്ത്, സുപ്രീം കോടതി ജഡ്ജിമാര്‍ വിരമിച്ച ശേഷം പരിമിതകാലത്തേയ്ക്ക്, അതായത് ഒരു വര്‍ഷത്തേയ്ക്കു കൂടി സര്‍ക്കാര്‍ ചെലവില്‍ ഡ്രൈവര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് എന്നിവരെ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

രമണ വിരമിച്ചതിനു തൊട്ടുപിന്നാലെ കേന്ദ്രം വീണ്ടും ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഡ്രൈവറെയും വീട്ടുജോലിക്കാരനെയും എല്ലാ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും മരണം വരെ നല്‍കാനും അതു കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മരണം വരെ ഒരു സെക്രട്ടറിയെ നല്‍കാനും തീരുമാനിച്ചു! മരണം വരെ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റിനും മാസംതോറും 4200 രൂപ വേറെയും!

ഓഗസ്റ്റ് 23-ന്റെ ഭേദഗതി പ്രകാരം വിരമിച്ച ശേഷവും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ആറുമാസം കൂടി ദല്‍ഹിയില്‍ സൗജന്യ വസതി ലഭിക്കുന്നതു തുടരും. ഔദ്യോഗിക വസതി കൂടാതെയാണിതെന്നോര്‍ക്കണം!

ആറു മാസത്തേയ്ക്കും ഒരു വര്‍ഷത്തേയ്ക്കുമുള്ള ആനുകൂല്യങ്ങളെയാണ് ഞാന്‍ ആദ്യ പോസ്റ്റില്‍ വിമര്‍ശിച്ചത്.
അതിനുമപ്പുറത്തേയ്ക്ക് മരണം വരെയും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട് കേന്ദ്രം എല്ലാ രമണന്മാരെയും അടുത്ത ഭേദഗതി വഴി വീണ്ടും ആദരിച്ചിരിക്കുന്നു!
ആരുണ്ടിവിടെ ചോദിക്കാന്‍?

പാവപ്പെട്ട പൗരന് സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതിനെതിരെ ആഞ്ഞടിക്കുന്ന രമണന്മാരൊന്നും അനങ്ങില്ല.
മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രമേ രമണന്മാര്‍ ഇടപെടുകയുള്ളു. സ്വന്തം കീശ വീര്‍ത്താല്‍ സന്തോഷം.
നമ്മള്‍ നികുതിദായകരുടെ പോക്കറ്റടിച്ചാണ് കീശ വീര്‍പ്പിക്കുന്നതെന്ന കാര്യം മറക്കും. എണ്ണിയാല്‍ തീരാത്ത പെന്‍ഷനടക്കം എല്ലാം നമ്മുടെ പണം തന്നെ. ആ പെന്‍ഷനൊന്നും ഡ്രൈവറെയും ജോലിക്കാരനെയും വയ്ക്കാനും ഫോണ്‍ ബില്ലടയ്ക്കാനുമൊക്കെ ചെലവാക്കാനുള്ളതല്ല. വീണ്ടും നമ്മുടെ ചെലവില്‍ പെന്‍ഷനു പുറത്തു നിന്ന് ഡ്രൈവറും ജോലിക്കാരനും സെക്രട്ടറിയും ഫോണും ഇന്റര്‍നെറ്റും വീടുമൊക്കെ വേണം!
മരണം വരെ വേണം.

മരിക്കുമെന്നു പ്രതീക്ഷിക്കരുത്. സര്‍ക്കാര്‍ ചെലവില്‍ സുഖ ചികിത്സ കൂടിയുണ്ട് ജീവിതകാലം മുഴുവന്‍. രമണന്മാരെ കേന്ദ്രം പനപോലെ വളര്‍ത്തുമെന്നും ഉത്തമ പൗരന്മാരെ പെട്ടെന്നു തന്നെ തെക്കോട്ടെടുപ്പിക്കുമെന്നുമാണല്ലോ ചൊല്ല്.
നൂറുകണക്കിനു വിരമിച്ച രമണന്മാരുണ്ട്. ഇനിയുമൊത്തിരി രമണന്മാര്‍ വിരമിക്കും. എന്നിട്ട് ഇവിടെ നമ്മുടെ ചെലവില്‍ തടിച്ചു കൊഴുത്തങ്ങനെ ജീവിക്കും. നമ്മള്‍ ചെലവിനു കൊടുക്കുന്ന ജോലിക്കാരനും ഡ്രൈവറും സെക്രട്ടറിയും വീടും ഫോണും ഇന്റര്‍നെറ്റുമൊക്കെയായി സുഖിച്ചങ്ങനെ കഴിയും.

നമ്മള്‍ വെറും മരണന്മാരാണ്. വായില്‍ വിരലിട്ടങ്ങനെ ജീവിക്കും.
കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കേണ്ടുന്ന നോട്ട് നിരോധനം, ഹിജാബ് നിരോധനം, പൗരത്വ നിയമം, കശ്മീര്‍ വിഷയം, യു.എ.പി.എ ഒക്കെയും ഒന്നു തൊടുക പോലും ചെയ്യാതെ മൂടും തട്ടി പുറത്തെത്തുന്ന രമണന്മാര്‍ക്ക് കേന്ദ്രം വാരിക്കോരി നല്‍കും. നമ്മള്‍ നോക്കിയിരിക്കും.
ആ രമണന്മാര്‍ക്ക് അന്തസില്ലെന്നു കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതു തെറ്റാണ്.
വിരമിച്ച രമണന്മാരുടെ കുണ്ടിയില്‍, ക്ഷമിക്കണം, പൃഷ്ഠത്തില്‍ ആനുകൂല്യങ്ങളുടെ ആലു കിളിര്‍ത്താല്‍ അതിന്റെ തണലില്‍ അവനൊക്കെ രമണീയമായി മരണം വരെ കഴിയും എന്നു തിരുത്തുന്നു.

Content Highlight: Judge S Sudeep Criticizing Former Chief Justice NV Ramana about his benefits getting after retirement

Latest Stories

We use cookies to give you the best possible experience. Learn more