ടൊറന്റോ: ബലാത്സംഗത്തിന് ഇരയായ വ്യക്തിയോട് “നിനക്കെന്താ കാലടക്കി വെച്ചൂടെ”യെന്നു ചോദിച്ച കനേഡിയന്‍ ജഡ്ജി രാജിവെച്ചു. കാനഡയിലെ ഫെഡറല്‍ കോടതി ജഡ്ജി റോബിന്‍ കാമ്പാണ് രാജിവെച്ചത്.
ജഡ്ജിയുടെ പരാമര്‍ശം സംബന്ധിച്ച് അന്വേഷണം നടത്തിയ കനേഡിയന്‍ ജഡ്ജിമാരുടെ അച്ചടക്ക സമിതി അദ്ദേഹത്തെ ബെഞ്ചില്‍ നിന്നും നീക്കാന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാജിവെക്കുന്നതായി റോബിന്‍ കാമ്പ് അറിയിച്ചത്.
2014ല്‍ ഒരു കേസിന്റെ വിചാരണക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്കാധാരം. വിചാരണക്കിടെ ബലാത്സംഗം തടയാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് ജഡ്ജി 19കാരിയായ ഇരയോട് ആവര്‍ത്തിക്കുകയായിരുന്നു. “എന്തുകൊണ്ട് നീ കാലടക്കിവെച്ചില്ല? ” എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം.
ഇതിനുപുറമേ ജഡ്ജി ഇരയായ പെണ്‍കുട്ടിയെ പലതവണ “ആരോപണ വിധേയ” എന്നാണ് വിശേഷിപ്പിച്ചത്. ബാത്‌റൂം സിങ്ങില്‍ വെച്ചാണ് ബലാത്സംഗം നടന്നതെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ അരയ്ക്കു താഴെ വെള്ളത്തില്‍ മുങ്ങിനില്‍ക്കാന്‍ ശ്രമിച്ചില്ല എന്നും ജഡ്ജി ചോദിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അയാള്‍ക്ക് ലിംഗം യോനിയിലേക്കു പ്രവേശിപ്പിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ജഡ്ജി പറഞ്ഞിരുന്നു.
തുടര്‍ന്ന് ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ ആളെ കുറ്റവിമുക്തനാക്കി കാമ്പ് വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിചാരണക്കിടെ കാമ്പ് ഇരയെ അധിക്ഷേപിച്ചെന്നും വളരെ അനാദരവോടെയാണ് ഇരയോടെ പെരുമാറിയതെന്നും കനേഡിയന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.
“എന്റെ പരാമര്‍ശത്താല്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോടു മാപ്പു ചോദിക്കുന്നു.” എന്നാണ് രാജിവെച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്.