ന്യൂദല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത പുറത്തുകൊണ്ടു വരുന്നതില്‍ പ്രതീക്ഷ നശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോയയെ മറക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും സത്യം കാണാന്‍ രാജ്യത്തെ ജനതയ്ക്ക് കഴിയുമെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
കേസില്‍ പ്രതീക്ഷ നശിച്ചെന്നും എല്ലാം ആസൂത്രിതമാണെന്നും വിധി പ്രഖ്യാപനത്തിന് ശേഷം ലോയയുടെ കുടുംബം പ്രതികരിച്ചിരുന്നു. ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം ചേര്‍ത്തുവെച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ തുടരന്വേഷണം വേണ്ടതില്ലെന്ന സുപ്രീംകോടതി വിധി ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിന്ന്. മരണത്തില്‍ ക്രിമിനലുകളുടെ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഒരു മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകും?”- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല ചോദിച്ചിരുന്നു.
കേസ് വിശാലബെഞ്ചിന് വിടണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു.