ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ദല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ലോയയെ ഓര്‍ത്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
‘സ്ഥലം മാറ്റം നേരിടേണ്ടി വരാത്ത’ ധീരനായ ജഡ്ജ് ലോയയെ ഓര്‍ക്കുന്നു എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
Remembering the brave Judge Loya, who wasn’t transferred.
അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് ലോയ മരണപ്പെടുന്നത്. ലോയയുടെ മരണത്തില്‍ സംശയമുന്നയിച്ച് കുടുംബം രംഗത്തെത്തുകയും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നേരത്തെ ദല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്നും അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്, പക്ഷേ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. എന്ത് പ്രകോപനം ഉണ്ടായാലും സംയമനവും അനുകമ്പയും പുലര്‍ത്തണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ജസ്റ്റിസിനെ സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം ദുഃഖകരവും നാണം കെട്ടതുമാണെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
നിലവിലെ സാഹചര്യത്തില്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനെ സ്ഥലം മാറ്റിയതില്‍ അതിശയോക്തി ഇല്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് ആളുകള്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറി. നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം നിന്ദ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് മുരളീധറിനെ സ്ഥലം മാറ്റിയത്.. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങിയത്.
ദല്‍ഹി കലാപകേസ് പരിഗണിച്ച അന്ന് തന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.
ബി.ജെ.പി നേതാവ് കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനാണ് മുരളീധര്‍ ആവശ്യപ്പെട്ടത്.
കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു കോടതി.