നാഗ്പൂര്‍: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കെ ജഡ്ജി ലോയ മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും റേഡിയോ ആക്ടീവ് ഐസോടോപ്പിന്റെ സഹായത്തോടെയാണെന്നും ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജി. നാഗ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ സതീഷ് മഹാഡിയോറാവുവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും നാഗ്പൂര്‍ കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ അദ്ദേഹം ആരോപിക്കുന്നു.
ഹര്‍ജിയില്‍ മഹാഡിയോറാവു ഉന്നയിക്കുന്ന ആരോപണങ്ങള്‍:
1. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഉന്നതനായ ഒരു വ്യക്തി ജഡ്ജി ലോയയ്ക്കുമേല്‍ സമര്‍ദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യം വിശദീകരിച്ച് 2014 ഒക്ടോബറില്‍ റിട്ടയേര്‍ഡ് ജഡ്ജി പ്രകാശ് തോംബ്രേയും അഭിഭാഷകനായ ശ്രീകാന്ത് ഖഡല്‍ക്കറും വഴി ജഡ്ജി ലോയ തന്നെ സമീപിച്ചിരുന്നു.
2. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ഉള്‍പ്പെടെയുള്ള ഉന്നതരാണ് തന്നെ ഭീഷണിപ്പെടുത്തുന്നത് എന്ന് ലോയ മഹാഡിയോറാവുവിനോട് വെളിപ്പെടുത്തി. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഒരു വിധിന്യായത്തിന്റെ കോപ്പിയും അവര്‍ തനിക്കു നല്‍കിയെന്ന് ജഡ്ജി ലോയ പറഞ്ഞിരുന്നു.
3. ഈ “വിധിന്യായം” ജഡ്ജി ലോയ ജഡ്ജ് തോംബ്രയ്ക്കും മഹാഡിയോറാവുവിനും നല്‍കിയിരുന്നു. 2014 ഡിസംബര്‍ ഒന്നിന് ജഡ്ജി ലോയ മരിച്ചശേഷം അഡ്വ. ഖഡല്‍കര്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നു മഹാഡിയോറാവുവിനെ അറിയിച്ചിരുന്നു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖകളും വിവരങ്ങളും തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖഡേല്‍ക്കര്‍ 2015 ഒക്ടോബര്‍ 29ന് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയാണുണ്ടായത്. നാഗ്പൂര്‍ ജില്ലാകോടതി വളപ്പില്‍ നിന്നു ചാടി മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
4. 2016 മെയ് 16ന് നാഗ്പൂരില്‍ നിന്നും ബാംഗ്ലൂരിലേക്കു ട്രയിനില്‍ പോകവേ ഹൈദരാബാദില്‍ വെച്ച് തോംബ്രെയും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു.
5. 2016 ജൂണ്‍ എട്ടിന് മഹാഡിയോറാവുവിന്റെ നാഗ്പൂരിലെ ഓഫീസിനു മുകളില്‍ ഇരുമ്പുകമ്പികളും പൈപ്പും മറ്റും എറിഞ്ഞിരുന്നു. എന്നാല്‍ താനപ്പോള്‍ ഓഫീസില്‍ ഇല്ലായിരുന്നതിനാല്‍ പരുക്കൊന്നും പറ്റിയില്ല. ഇതുമായി ബന്ധപ്പെട്ട് അജ്‌നി പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ നാഗ്പൂര്‍ പൊലീസ് ഇതുസംബന്ധിച്ച് സ്റ്റേഷന്‍ ഡയറിപോലും സൂക്ഷിച്ചില്ല.
6. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനായി മഹാഡിയോറാവു നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കി. 2018 ഫെബ്രുവരി ആറിന് മഹാഡിയോറാവുവിന്റെ സഹായിയായ അഭിയാന്‍ ഭാരഹെയ്റ്റിന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. ദേവന്ദ്ര ഫദ്‌നാവിസിന്റെ സഹോദരന്‍ സഞ്ജയ് ഫദ്‌നാവിസില്‍ നിന്നായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ടും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഒളിപ്പിച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് മഹാഡിയോറാവു ആരോപിക്കുന്നു.
7. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൂര്യകാന്ത് ഗജനന്‍ ലോലെജ് എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹാഡിയോറാവു ആരോപിക്കുന്നു. ജഡ്ജി ലോയ, അഡ്വ. തോംബ്രെ, ഖഡല്‍കര്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കാനായി ലോലെജ് തനിക്ക് 200 കോടി വാഗ്ദാനം ചെയ്തു. ജഡ്ജി ലോയയുടെ മരണത്തിന് കാരണം റേഡിയോ ആക്ടീവ് ഐസോടോപ്പാണെന്ന് തെളിയിക്കുന്ന രേഖകളടക്കമാണ് ആവശ്യപ്പെട്ടത്.