ന്യൂദല്‍ഹി: ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ലോയ കേസില്‍ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിവ്യൂ ഹരജി സുപ്രീംകോടതി തള്ളി. ഏപ്രില്‍ 19ലെ കോടതിവിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
ലോയയുടേത് സ്വാഭാവിക മരണമാണെന്നും അന്വേഷണം വേണ്ടെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യുപെറ്റീഷന്‍ പരിശോധിച്ചത്. “ഹരജിയും അനുബന്ധ പേപ്പറുകളും സൂക്ഷമമായി പരിശോധിച്ചെന്നും അതുകൊണ്ട് ഉത്തരവ് പുനപരിശോധിക്കില്ലെന്നും ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് തന്നെയാണ് ലോയയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ തള്ളിക്കളഞ്ഞിരുന്നത്. ഹരജികളില്‍ കഴമ്പില്ലെന്ന് പറഞ്ഞ ബെഞ്ച് കേസില്‍ കക്ഷി ചേര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, ഇന്ദിര ജെയ്‌സിങ് എന്നിവരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഹരജികള്‍ തള്ളാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലും കമ്മീഷണറുമായ സഞ്ജയ് ബാര്‍വെ തുടങ്ങിവെച്ച അന്വേഷണ റിപ്പോര്‍ട്ടിനെയാണ് ആശ്രയിച്ചിരുന്നത്. സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഹൃദയാഘാതം വന്നാണ് ലോയ മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. നാല് ജഡ്ജിമാരുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ഈ റിപ്പോര്‍ട്ട്. ഈ ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്തണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.