ന്യൂദല്‍ഹി: ലോയ കേസില്‍ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് മറ്റാര്‍ക്കും ലഭിക്കുന്നതിനുമുമ്പേ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് ലഭിച്ചതെങ്ങനെയെന്ന് കോണ്‍ഗ്രസ്. അഭിഭാഷകര്‍ക്കോ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ, പൊതുജനങ്ങള്‍ക്കോ ലഭിക്കുന്നതിനുമുമ്പ് വിധിപ്പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് ലഭിച്ചതെങ്ങനെയെന്ന ചോദ്യവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. കേസിലെ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് തെഹ്സിന്‍ പൂനവാലയും ഈ ചോദ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ സുപ്രീംകോടതി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുപോലും കേന്ദ്രമന്ത്രിക്ക് വിധിപ്പകര്‍പ്പ് ലഭിച്ചതെങ്ങനെയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
“ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിന്ന്. മരണത്തില്‍ ക്രിമിനലുകളുടെ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഒരു മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകും?” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി വച്ചു കൊണ്ടാണു വിധി വന്നിരിക്കുന്നതെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം.
ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്ന ലോയകേസില്‍ ഇന്നലെയാണ് സുപ്രീം കോടതി വിധിപറഞ്ഞത്. ലോയയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഏഴു പൊതുതാല്‍പര്യ ഹര്‍ജികളാണു സുപ്രീംകോടതി തള്ളിയത്. ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നീ അഭിഭാഷകരെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചു. ലോയയുടേതു സ്വാഭാവിക മരണം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. “രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങള്‍” എന്നു കാണിച്ചു വാര്‍ത്താക്കുറിപ്പും കോണ്‍ഗ്രസ് പുറത്തിറക്കി.
ലോയയുടേത് സ്വാഭാവിക മരണമാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഹരജി തള്ളിയത്. ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞിരുന്നു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി ആണ് സുപ്രീം കോടതി തള്ളിയത്.