കൊല്‍ക്കത്ത : കോടതി അലക്ഷ്യത്തിന് തടവ് ശിക്ഷക്ക് വിധിച്ച മുന്‍ ഹൈക്കോടതി ജസ്റ്റിസ് സി.എസ് കര്‍ണന്‍ നാളെ ജയില്‍ മോചിതനാകും. ആറുമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജസ്റ്റിസ് കര്‍ണന്‍ മോചിതനാകുന്നത്. ഒളിവില്‍ പോയ കര്‍ണനെ ജൂണ്‍ 20ന് കോയമ്പത്തൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
“അദ്ദേഹത്തെ നാളെയാണ് ജയില്‍മോചിതനാക്കുക. അദ്ദേഹത്തെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലുവാനായി ഞാനും നാളെ കൊല്‍ക്കത്തയിലെത്തും”” കര്‍ണന്റെ ഭാര്യ സരസ്വതി കര്‍ണന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ഫോണില്‍ പറഞ്ഞു. ഇന്ത്യാ ചരിത്രത്തില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സിറ്റിംഗ് ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബഞ്ചാണ് ജസ്റ്റിസ് കര്‍ണന് തടവ് ശിക്ഷ വിധിച്ചത്. മാസങ്ങളോളം നീണ്ട വാദങ്ങള്‍ക്ക് ശേഷമായിരുന്നു വിധി. തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കോടതിയലഷ്യത്തിന് കേസെടുത്തത്.
ചെയ്ത തെറ്റിന് മാപ്പ് പറയാന്‍ കര്‍ണ്ണന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ നേരത്തേ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
താന്‍ ദളിതനായതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തി താന്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. ഈ പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം തനിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുകയാണ് സുപ്രീം കോടതി ചെയ്തതെന്നാണ് കര്‍ണന്‍ ഉയര്‍ത്തിയിരുന്ന ആരോപണം.
കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.