ഇന്നത്തെ ആചാരം നാളത്തെ അബദ്ധമായിരിക്കും; ആചാരങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റം വരണമെന്ന് കെമാല്‍ പാഷ
Kerala News
ഇന്നത്തെ ആചാരം നാളത്തെ അബദ്ധമായിരിക്കും; ആചാരങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റം വരണമെന്ന് കെമാല്‍ പാഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 7:20 pm

തിരുവനന്തപുരം: ശബരിമല മതേതരത്വത്തിന്റെ നിറകുടമാണെന്നും അയ്യപ്പഭക്തനായ ആര്‍ക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകാമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ. ആചാരങ്ങള്‍ക്ക് കാലാനുസൃതമായി മാറ്റം വരണം. ഇന്നത്തെ ആചാരം നാളത്തെ അബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഥാകൃത്തും നോവലിസ്റ്റുമായ വി.രാധാകൃഷ്ണന്റെ പത്ത് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകളെ ഏറ്റവും മോശമായി കാണുന്നതും അവര്‍ തന്നെയാണ്. മാറ് മറയ്ക്കാന്‍ തയ്യാറായ സ്ത്രീയെ മറ്റ് സ്ത്രീകള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തിയ സംഭവം നമ്മുടെ മുന്നിലുണ്ട്.”

ALSO READ: ശ്രീധരന്‍പിള്ള പറഞ്ഞത് കള്ളം; ദേവസ്വം ബോര്‍ഡിന് വിശദീകരണക്കത്ത് നല്‍കി തന്ത്രി

സതി സമ്പ്രദായം തിരിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞ് ആറായിരത്തോളം സ്ത്രീകള്‍ സമരം ചെയ്ത ചരിത്രം നമുക്കുണ്ട്. ഇതെല്ലാം തിരിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞ് ഇപ്പോള്‍ സമരം ചെയ്താല്‍ എന്താകും അവസ്ഥ. ഇതിനൊക്കെ കാരണം സ്ത്രീകള്‍ക്ക് ബോധമില്ലെന്നത് തന്നെ. അത്തരം ബോധമില്ലാത്ത പ്രവൃത്തികളാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമായി നിരവധി ആചാരങ്ങള്‍ക്ക് വ്യത്യാസം വരണം. പണ്ട് ശബരിമല നട തുറന്നിരുന്നത് മണ്ഡല – മകരവിളക്ക് കാലത്ത് മാത്രമായിരുന്നു. എന്നാല്‍, ദര്‍ശനത്തിന് തിരക്ക് കൂടിയതോടെ ഓരോ മാസവും ആറ് ദിവസം വീതം ദര്‍ശനം അനുവദിച്ചു. അതിലൂടെ പുതിയൊരു ആചാരമാണ് ഉണ്ടായത്. മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം.

ALSO READ: ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കളുമായി തീര്‍ത്ഥാടകവേഷത്തില്‍ തീവ്രവാദികളെത്താന്‍ സാധ്യത; ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് ഡി.ജി.പി

ആദിവാസികള്‍ക്ക് പോലുമില്ലാത്ത സംസ്‌കാരം തുടരാനാണ് ഇപ്പോള്‍ നമ്മള്‍ ശ്രമിക്കുന്നത്. ഇത് നമ്മളെ പതിനേഴാം നൂറ്റാണ്ടിലേക്ക് മടക്കി കൊണ്ടുപോകുകയാണ്. ആ കാഴ്ചപ്പാട് മാറണം. അതേസമയം, ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കുകയും ചെയ്യരുത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: