| Wednesday, 7th July 2021, 12:53 pm

ജഡ്ജിയെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു; മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം പിഴ വിധിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് കൗശിക് ചന്ദാണ് മമത ബാനര്‍ക്കെതിരെ പിഴ വിധിച്ചത്.

നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുവേന്തു അധികാരി വിജയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് മമത ബാനര്‍ജി സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് പിഴയടക്കാനുള്ള നടപടി വന്നിരിക്കുന്നത്. ഈ ഹരജിയടക്കമുള്ള കേസുകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു കൗശിക് ചന്ദ മമതക്കെതിരെ നടപടി സ്വീകരിച്ചത്.

കൗശിക് ചന്ദക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്റെ ഹരജിയില്‍ നിഷ്പക്ഷമായി വാദം കേള്‍ക്കാനാകില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ കേസില്‍ വാദം കേള്‍ക്കാന്‍ മറ്റൊരു ജഡ്ജിനെ നിയമിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

മമതയുടെ ഈ പ്രതികരണമാണ് കോടതിയുടെ നടപടിക്ക് കാരണമായത്. ഒരു ജഡ്ജിനെ മോശമായി ചിത്രീകരിക്കാനുളള ബോധപൂര്‍വമുള്ള ശ്രമമാണ് മമത നടത്തുന്നതെന്നാണ് കൗശിക് ചന്ദിന്റെ പ്രതികരണം.

ജൂണ്‍ 16നാണ് മമത ജഡ്ജിനെ മാറ്റണമെന്ന ആവശ്യവുമായി കത്തയക്കുന്നത്. കൗശികിന് നേരത്തെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ മറുഭാഗത്തോട് പക്ഷപാതം കാണിക്കാന്‍ സാധ്യതയുണ്ടെന്നും മമത കത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള കൗശിക് ചന്ദിന്റെ ആവശ്യം താന്‍ നിരാകരിച്ചതും ഹരജിയെ ബാധിച്ചേക്കാമെന്നും മമത സൂചിപ്പിച്ചിരുന്നു.

നീതി നടപ്പിലായാല്‍ മാത്രം പോരെന്നും നടപ്പിലായെന്ന് ബോധ്യപ്പെടുക കൂടി വേണമെന്നും മമതയുടെ കത്തില്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് കൂടി വേണ്ടിയാണ് കൗശിക് ചന്ദയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Judge Exits Case, Fines Mamata Banerjee  5 Lakh: “Move To Malign Judge”

We use cookies to give you the best possible experience. Learn more