|

മതില്‍കെട്ടില്‍ മലക്കം മറിഞ്ഞ് അമേരിക്കന്‍ ജഡ്ജി; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടുന്നതിനെ അനുകൂലിച്ച് ട്രംപിന്റെ അധിക്ഷേപത്തിന് ഇരയായ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഡീഗോ: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ നിലപാടെടുത്ത ജഡ്ജി മലക്കം മറിഞ്ഞു. മതില്‍ കെട്ടലിന് എതിരെ നിലപാടെടുത്തതിനാല്‍ കഴിഞ്ഞവര്‍ഷം ട്രംപിന്റെ അധിക്ഷേപത്തിന് ഇരയായിട്ടുള്ള മെക്‌സിക്കന്‍ വംശജനായ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഗൊണ്‍സാലോ കുറിയല്‍ ആണ് ഇപ്പോള്‍ നിലപാട് തിരുത്തിയത്. “വിദ്വേഷി” (Hater) എന്നാണ് ട്രംപ് ജഡ്ജിയെ അന്ന് വിളിച്ചത്.

പരിസ്ഥിതി നിയമങ്ങളില്‍ മാറ്റം വരുത്താനും ഉപേക്ഷിക്കാനുമുള്ള അധികാരം ഭരണകൂടത്തിന് ഉണ്ടെന്ന് ജഡ്ജ് ഗൊണ്‍സാലോ വിധിച്ചു. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള മറ്റ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനും ഭരണകൂടത്തിനു കഴിയുമെന്ന് വിധിയില്‍ പറയുന്നു. 100 പേജുള്ള വിധിയാണ് അദ്ദേഹം പുറപ്പെടുവിടച്ചത്.

എന്നാല്‍ മതില്‍ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നല്ല ഈ വിധി അര്‍ത്ഥമാക്കുന്നത്. മതില്‍ നിര്‍മ്മാണത്തിനുള്ള പണം നല്‍കുന്ന കാര്യത്തിന് യു.എസ് കോണ്‍ഗ്രസ് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ കെട്ടാന്‍ ഉദ്ദേശിക്കുന്ന മതിലിന്റെ വിവിധ മാതൃകകള്‍ സാന്‍ ഡീഗോയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നിര്‍മ്മിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് തള്ളിക്കൊണ്ടാണ് ജഡാജ് ഗൊണ്‍സാലോ കുറിയല്‍ മേല്‍പ്പറഞ്ഞ വിധി പുറപ്പെടുവിച്ചത്.

ട്രംപ് ഭരണകൂടത്തിന് കരുത്തേകുന്നതാണ് പുതിയ വിധി. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ കാലത്തു തന്നെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്നു മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം. വിധിയില്‍ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. സുപ്രധാന പദ്ധതിയുമായി ഇനി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് ട്രംപ് പ്രതികരിച്ചത്.

വീഡിയോ:

Video Stories