|

ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ക്കെതിരായ നാടുകടത്തല്‍ നടപടി തടഞ്ഞ് യു.എസ് ഫെഡറല്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരായ നടപടി റദ്ദാക്കി ഫെഡറല്‍ കോടതി. ഇന്ത്യന്‍ സ്‌കോളര്‍ക്കെതിരായ നാടുകടത്തല്‍ നടപടിയാണ് കോടതി തടഞ്ഞത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ബദര്‍ ഖാന്‍ സുരിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തില്ലെന്ന് വിര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ സുരിയുടെ വീടിന് സമീപത്ത് വെച്ചാണ് അദ്ദേഹം അറസ്റ്റിലായത്.

ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയവരാണ് സുരിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹസന്‍ അഹമ്മദ് പറഞ്ഞു. യു.എസ് സര്‍ക്കാര്‍ സുരിയുടെ വിസ റദ്ദാക്കിയതായി തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം സുരിയെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇതുവരെ പ്രതികരിച്ചട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലോഫ്ലിന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍സുരി സോഷ്യല്‍ മീഡിയ വഴി ഹമാസിനായി പ്രചരണം നടത്തിയതായും ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ചതായും ആരോപിച്ചിരുന്നു.

സുരിയുമായി ബന്ധമുള്ള ഒരാള്‍ ഹമാസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ആണെന്നും ട്രീസിയ മക് ലോഹന്‍ തന്റെ പോസ്റ്റിലൂടെ ആരോപിച്ചിട്ടുണ്ട്. ഇതിനിടെ കോടതി എന്തിനാണ് സുരിയെ കസ്റ്റഡിയിലെടുത്തതെന്ന് അറിയിച്ചിട്ടില്ലെന്ന്ജോര്‍ജ് ടൗണ്‍ സര്‍വകലാശാല പ്രതികരിച്ചിരുന്നു.

ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയുടെ വെബ്സൈറ്റിലെ പ്രൊഫൈല്‍ അനുസരിച്ച്, സര്‍വകലാശാലയിലെ അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ സുരി പോസ്റ്റ്ഡോക്ടറല്‍ ഫെലോ ആണ്. 2020ല്‍ ന്യൂദല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നിന്ന് പീസ് ആന്‍ഡ് കോണ്‍ഫ്ളിക്ട് സ്റ്റഡീസില്‍ നിന്നാണ് സുരി പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

അതേസമയം സുരിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് അദ്ദേഹത്തിന്റെ ഹരജിയില്‍ പറയുന്നുണ്ട്. ഇതിനുപുറമെ സുരിയുടെ പങ്കാളി ഫലസ്തീന്‍ പാരമ്പര്യമുള്ളയാളാണെന്നും ഇരുവരും ഇസ്രഈലിനോടുള്ള യു.എസ് വിദേശനയത്തിന് എതിരാണെന്ന് സര്‍ക്കാര്‍ സംശയിക്കുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ സുരിയുടെ പങ്കാളി മാഫെസ് സാലെ അല്‍ ജസീറയില്‍ ജോലി ചെയ്തിരുന്നു. ഇവര്‍ക്കും ഹമാസുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

Content Highlight: Judge blocks US government from deporting Georgetown scholar until ruling

Video Stories