| Wednesday, 6th January 2021, 3:05 pm

ട്രംപ് അനുകൂലിയായ പ്രൗഡ് ബോയ്‌സ് ലീഡര്‍ വാഷിംഗ്ടണിലേക്ക് പ്രവേശിക്കുന്നത് കോടതി വിലക്കി

മൊയ്തീന്‍ പുത്തന്‍ചിറ

വാഷിംഗ്ടണ്‍: തീവ്ര വലതുപക്ഷ ഗ്രൂപ്പ് പ്രൗഡ് ബോയ്‌സിന്റെ നേതാവായ ഹെന്റി ”എന്റിക്” ടാരിയോ വാഷിംഗ്ടണി ല്‍ പ്രവേശിക്കുന്നത് കോടതി വിലക്കി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചൊവ്വാഴ്ച കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരുന്നു.

നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയുക്ത അമേരിക്കന്‍ പ്രസഡിന്റ്‌ ജോ ബൈഡനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രംപിന്റെ അനുയായികള്‍ തലസ്ഥാന നഗരിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഹെന്റി ”എന്റിക്” ടാരിയോയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം വാഷിംഗ്ടണില്‍ നടന്ന പ്രതിഷേധത്തിനിടെ ചരിത്രപരമായ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പള്ളിയില്‍ നിന്ന് ‘ബ്ലാക്ക് ലൈവ്‌സ് മേറ്റര്‍’ ബാനര്‍ വലിച്ചു കീറിയതിനും കത്തിച്ചതിനും, പള്ളിക്ക് കേടുപാടുകള്‍ വരുത്തിയതിനും ടാരിയോയെ അറസ്റ്റു ചെയ്തിരുന്നു എന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ (ഡിസി) മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

വാഷിംഗ്ടണ്‍ ഡിസി സുപ്പീരിയര്‍ കോടതി മജിസ്ട്രേറ്റ് ജഡ്ജി റെനി റെയ്മണ്ട് ചൊവ്വാഴ്ച ടാരിയോയെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ജൂണില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ രാജ്യ തലസ്ഥാനത്ത് പ്രവേശിക്കരുതെന്നും ഉത്തരവിട്ടു.

ബൈഡന്റെ വിജയം സ്ഥിരീകരിക്കാന്‍ ബുധനാഴ്ച കോണ്‍ഗ്രസ് വോട്ടു ചെയ്യുമ്പോള്‍ ട്രംപ് അനുഭാവികളായ ‘പ്രൗഡ് ബോയ്‌സ്’ യു.എസ് ക്യാപിറ്റലില്‍ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് വിളംബരം ചെയ്തിരുന്നു.

കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉയര്‍ന്ന പ്രഹര ശേഷിയുള്ള രണ്ട് തോക്കുകളും വെടിമരുന്നുറകളും പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് 36 കാരനായ ടാരിയോയ്‌ക്കെതിരെ ആയുധക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.

പ്രതിഷേധ റാലിയില്‍ തോക്കുകള്‍ കൊണ്ടുവരരുതെന്ന് സിറ്റി അധികൃതര്‍ ട്രംപ് അനുഭാവികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഷിംഗ്ടണിലെ പ്രാദേശിക സര്‍ക്കാര്‍ ലൈസന്‍സില്ലാതെ ആളുകള്‍ക്ക് തോക്കുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

ബുധനാഴ്ച നടക്കാനിരിക്കുന്ന ആസൂത്രിതമായ പ്രതിഷേധ റാലിയില്‍ 300 സൈനികര്‍ പ്രാദേശിക സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നാഷണല്‍ ഗാര്‍ഡ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Judge bans Proud Boys leader from Washington after arrest

മൊയ്തീന്‍ പുത്തന്‍ചിറ

We use cookies to give you the best possible experience. Learn more