ഒരു അഭിഭാഷകന്റെ മരുമകളുടെ ബാഗ് തട്ടിപ്പറിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകന്‍ തന്നെ കോടതി മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.
ന്യൂദല്‍ഹി: ഒരു സംഘം അഭിഭാഷകന്‍ കോടതിമുറിക്കുള്ളില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ പരാതി. ദല്‍ഹി പാട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആശിഷ് ഗുപ്ത ഹൈക്കോടതി രജിസ്റ്റാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒരു അഭിഭാഷകന്റെ മരുമകളുടെ ബാഗ് തട്ടിപ്പറിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകന്‍ തന്നെ കോടതി മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കേസില്‍ നിന്നും പിന്മാറിയപ്പോള്‍ പ്രതിയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്ന് ഗുപ്ത ഉത്തരവിട്ടിരുന്നു. ഇതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.
“ഈ സമയത്ത് എന്‍.ഡി.ബി.എ സെക്രട്ടറി എതിര്‍ത്തു സംസാരിച്ചു. എന്റെ അഭിപ്രായത്തില്‍ പ്രതിക്ക് നിയമസഹായം ഉറപ്പുവരുത്തണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കോടതിയിലെ അന്തരീക്ഷം വളരെ മോശമായി. അഭിഭാഷകര്‍ രോഷാകുലരായി. ഉത്തരവ് പാസാക്കിയശേഷവും അഭിഭാഷകര്‍ ബഹളം തുടര്‍ന്നു. ആ സമയത്ത് സ്ഥിതി മോശമാകും മുമ്പ് മറ്റേതെങ്കിലും ചേമ്പറില്‍ പോകുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതി.” ജഡ്ജി പറയുന്നു.
കോടതിയിലെ മുദ്രാവാക്യം വിളികളും അഭിഭാഷകര്‍ പെരുമാറിയ രീതിയും കോടതി നടപടികളുമായി മുന്നോട്ടുപോകുന്നത് അസാധ്യമാക്കി തീര്‍ത്തെന്നും അദ്ദേഹം പറയുന്നു. തന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയുള്ളതായി അനുഭവപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ബാഗ് തട്ടിപ്പറിച്ച കേസിലെ പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് തന്നെ കേസില്‍ വാദം കേള്‍ക്കുന്നതിനെയാണ് ചോദ്യം ചെയ്തതെന്നാണ് ബാര്‍ അസോസിയേഷന്റെ വാദം.