Film News
'ബിഗ് ഫാന്‍ ഓഫ് ഹെര്‍ വര്‍ക്ക്'; രശ്മിക മലയാളത്തിലെത്തുമോ? മനസ് തുറന്ന് ജൂഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 16, 12:09 pm
Tuesday, 16th May 2023, 5:39 pm

2018ന് പിന്നാലെ നിവിന്‍ പോളിയുമൊന്നിച്ച് അടുത്ത ചിത്രം സംവിധായകന്‍ ജൂഡ് ആന്തണി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഓം ശാന്തി ഓശാന എന്ന ഹിറ്റിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ആവേശത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്.

ജൂഡിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരു ഒന്നൊന്നര പൊളി,’ എന്നാണ് നിവിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഈ ചിത്രത്തിലേക്ക് എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. രശ്മികയേയും വിജയ് സേതുപതിയേയും ചിത്രത്തിന്റെ ഭാഗമാക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ജൂഡ് പറഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘സിനിമാ മേഖലയിലുള്ള നിരവധി താരങ്ങളുമായി ഞാന്‍ സംസാരിച്ചു. എന്നാല്‍ നമ്മുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോള്‍ നിവിനോട് സിനിമയെ പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയേയും രശ്മികയേയും ഈ സിനിമയുടെ ഭാഗമാക്കാന്‍ താല്‍പര്യമുണ്ട്. എനിക്ക് രശ്മികയെ ഇഷ്ടമാണ്, അവരുടെ വര്‍ക്കിനേയും (big fan of work). നിലവില്‍ ചര്‍ച്ചയിലുള്ള വിഷയമാണ് ഇത്,’ ജൂഡ് പറഞ്ഞു.

അതേസമയം ജൂഡിന്റെ 2018 എന്ന ചിത്രം 100 കോടിയും പിന്നിട്ട് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേയ്ന്‍, അപര്‍ണ ബാലുമുരളി, തന്‍വി റാം എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.

Content Highlight: Jude said that he is interested in making Rashmika and Vijay Sethupathi a part of nivin pauly’s movie