| Friday, 26th May 2023, 3:04 pm

ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡിലേക്ക്? ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്യുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ. നിലവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി ബൂട്ടുകെട്ടുന്ന താരം വരുന്ന സമ്മര്‍ ട്രാന്‌സ്ഫറില്‍ റയലിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇംഗ്ലണ്ടിന്റെ അത്ഭുത ബാലനെന്നറിയപ്പെടുന്ന താരത്തിനെ 100 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് ലോസ് ബ്ലാങ്കോസ് സ്വന്തമാക്കുകയെന്നും റൊമാനോ ട്വീറ്റ് ചെയ്തു. 19കാരനായ താരം തന്റെ പ്രകടന മികവ് കൊണ്ട് ഇതിനകം ലോകഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളായി പേരെടുത്ത് കഴിഞ്ഞു. ഈ സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന താരം ഡോര്‍ട്ട്മുണ്ടിനായി കളിച്ച 42 മത്സരങ്ങളില്‍ നിന്ന് 14 ഗോളും ഏഴ് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ലോസ് ബ്ലാങ്കോസ്. ഈ സീസണിന്റെ അവസാനത്തോടെ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നീ താരങ്ങള്‍ ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരെയും ക്ലബ്ബില്‍ നിലനിര്‍ത്താനാണ് റയലിന്റെ തീരുമാനമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇരുവരുടെയും നിരയിലേക്ക് ബെല്ലിങ്ഹാമിനെ ചേര്‍ക്കാനാണ് ലോസ് ബ്ലാങ്കോസ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരത്തെ റയല്‍ മാഡ്രിഡ് നേരത്തെ നോട്ടമിട്ടിട്ടുണ്ടായിരുന്നെന്നും ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെല്ലിങ്ഹാമിന് സാന്തിയാഗോ ബെര്‍ണബ്യുവില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും റയലിനെ കൂടുതല്‍ ടൈറ്റിലുകള്‍ സ്വന്തമാക്കാന്‍ സഹായിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlights: Jude Bellingham will sign with Real Madrid in the end of the season, report

We use cookies to give you the best possible experience. Learn more