| Thursday, 14th December 2023, 7:07 pm

'സിദാൻ, ബെക്കാം, ജെറാർഡ് എന്നിവരുടെ ലെഗസി എന്നിലൂടെ നിലനിർത്തണം'; റയലിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം നിലവില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇപ്പോള്‍ ഫുട്‌ബോളിലെ തന്റെ ലെഗസി എങ്ങനെ നിലനിര്‍ത്താം എന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ജൂഡ്.

ഇതിഹാസ താരങ്ങളായ സിനദിന്‍ സിദാന്‍, ഡേവിഡ് ബെക്കാം, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവര്‍ ഫുട്‌ബോളില്‍ ഉണ്ടാക്കിയ ലെഗസി എങ്ങനെ തന്നിലൂടെ നിലനിര്‍ത്താമെന്നതിനെകുറിച്ചാണ് ജൂഡ് സംസാരിച്ചത്.

‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് സിദാന്‍. അദ്ദേഹത്തിന്റെ ജേഴ്സിയുടെ നമ്പറിന്റെയും അദ്ദേഹത്തിന്റെ ബൂട്ടിലൂടെ സൃഷ്ടിക്കപ്പെട്ട മികച്ച നിമിഷങ്ങളുടെ പാരമ്പര്യം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇനിയും ഫുട്‌ബോളില്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ എന്റെ മുന്നിലുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ഇതിഹാസ താരങ്ങളുടെ പാരമ്പര്യം തുടരാനും അതിലൂടെ അടുത്ത തലമുറയെ പ്രചോദിപ്പിക്കാനും ഞാന്‍ ശ്രമിക്കും. സിദാന്‍, ബെക്കാം ജെറാര്‍ഡ് എന്നിവരെല്ലാം സൃഷ്ടിച്ച നിമിഷങ്ങള്‍ നിലനിര്‍ത്തുക എന്നത് ഇപ്പോള്‍ എന്റെ ഉത്തരവാദിത്തമാണ്. അത് നിലനിര്‍ത്താന്‍ ആവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ജൂഡ് മാര്‍ക്കയോട് പറഞ്ഞു.


ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുന്നത്. റയല്‍ മാഡ്രിഡിനായി തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഇംഗ്ലണ്ടുകാരന്‍ കാഴ്ചവെക്കുന്നത്.

ലോസ് ബ്ലാങ്കോസിനൊപ്പം ഈ സീസണില്‍ 19 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ജൂഡ് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അടുത്തിടെ പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിലുണ്ടായിരുന്ന റെക്കോഡും ബെല്ലിങ്ഹാം മറികടന്നിരുന്നു.

റയല്‍ മാഡ്രിനായി ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ തരാമെന്ന റൊണാള്‍ഡോയുടെ നേട്ടമായിരുന്നു ജൂഡ് മറികടന്നത്. ഈ സീസണില്‍ കോപ്പ ട്രോഫിയും ഗോള്‍ഡന്‍ ബോയ് അവാര്‍ഡും ജൂഡ് സ്വന്തമാക്കിയിരുന്നു.

Content Highlight: Jude bellingham talks he will follow the way of Zinedine Zidane and David Beckham in football.

We use cookies to give you the best possible experience. Learn more